കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അഭിനേതാക്കളായ സിദ്ദിഖും ഭാമയും കൂറുമാറി. പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്ന ഇരുവരും ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. അമ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്സൽ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മിൽ തർക്കമുണ്ടായെന്ന് നേരത്തേ സിദ്ധിഖും ഭാമയും മൊഴി നൽകിയിരുന്നു. എന്നാൽ, ഇന്ന് കോടതിയിൽ ഇവർ ഇക്കാര്യം സ്ഥിരീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.
എംഎല്‍എയും നടനുമായ മുകേഷിന്റെ വിസ്താരം വ്യാഴാഴ്ച പൂര്‍ത്തിയായിരുന്നു. അതേസമയം ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നാരോപിച്ച് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണസംഘം സമര്‍പ്പിച്ച ഹര്‍ജി വിചാരണക്കോടതിയുടെ പരിഗണനയിലാണ്.
ഇതിനിടെ നടി ആക്രമിക്കപ്പെട്ട കേസില്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുന്നതിനെതിരെ ദിലീസ് കോടതിയെ സമീപിച്ചു. അടിസ്ഥാന രഹിതമായ വാര്‍ത്ത നല്‍കി തന്നെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. നടന്റെ പരാതിയില്‍ 10 മാധ്യമ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു.
നടിയെ ഉപദ്രവിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇക്കാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ നടത്തിയ പരാമര്‍ശങ്ങള്‍ അടിസ്ഥാന രഹിതവും തെറ്റും അപകീര്‍ത്തികരവുമാണെന്നാണ് ദിലീപിന്റെ പരാതി. രഹസ്യ വിചാരണയില്‍ കോടതിയുടെ ഉത്തരവുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യാന്‍ പാടുള്ളൂ എന്നു ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ പരാതി. ഹര്‍ജി 22 ന് പരിഗണിക്കും.