അതിർത്തിയിൽ ചൈനീസ് തന്ത്രം; ഉച്ചഭാഷിണിയിലൂടെ ഗാനങ്ങൾ,പ്രകോപനപരമായ പ്രഖ്യാപനങ്ങൾ ; വെല്ലുവിളിച്ച് ഇന്ത്യന്‍ സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കാൻ ചൈന

ലേ: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം കൂടുതൽ മുറുകുന്നു. ഫിംഗർ പോയിന്റ് -4 ൽ ഉച്ചഭാഷിണികൾ ഉപയോഗിച്ച് ചൈന. ഉച്ചഭാഷിണികളിലൂടെ ചൈനീസ് പഞ്ചാബി ഭാഷകളിലുള്ള ഗാനങ്ങളാണ് ആലപിക്കുന്നത്‌. വിവിധ ഭാഷകളിലുള്ള ഗാനങ്ങൾക്ക് പുറമെ പ്രകോപനപരമായ പ്രഖ്യാപനങ്ങളും ഉച്ചഭാഷിണിയിലൂടെ നടത്തുന്നുണ്ടെന്നാണ് വിവരം.

ചൈനീസ് ഭാഗത്ത് നിന്നുമുള്ള പുതിയ തന്ത്രങ്ങളുടെ ഭാഗമാണ് ഇതെന്നാണ് സൂചന. സ്പീക്കറുകള്‍ എത്തിച്ച് ഇന്ത്യന്‍ സൈന്യത്തിന്റെ ശ്രദ്ധ തിരിക്കാനാണ് ചൈന ശ്രമിക്കുന്നത്. പാംങ്ങ് ടോക് സോ തടകാത്തിന്റെ വടക്കന്‍ മേഖലയിലാണ് ചൈന പുതിയ തന്ത്രവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കാനുള്ള ശ്രമമാണ് ഇത് വഴി ചൈനീസ് പട്ടാളത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

എന്നാല്‍, ചൈനയുടെ നീക്കങ്ങളെല്ലാം തങ്ങള്‍ക്ക് വ്യക്തമായി അറിയാമെന്നും മികച്ച പരിശീലനം നേടിയ സൈനികര്‍ക്ക് ഇതൊന്നും വലിയ കാര്യമല്ലെന്നും അധികൃതര്‍ അറിയിച്ചു. ചൈനീസ് സൈന്യം ഉച്ചഭാഷിണി സ്ഥാപിച്ച പ്രദേശത്ത് ഇന്ത്യൻ സൈന്യം 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, സംഘര്‍ഷം ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാകാം ചൈനയുടെ നടപടിയെന്നും സൂചനയുണ്ട്. കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ ഇന്ത്യയിലെയും ചൈനയിലെയും കിഴക്കൻ ലഡാക്കിലെ സൈനികർ തമ്മിൽ മൂന്ന് തവണ വെടിവയ്പുകൾ നടന്നതായാണ് റിപ്പോർട്ടുകൾ.