വയലിനിസ്റ്റ് ബാലഭാസ്കർ മരണം; സ്റ്റീഫൻ ദേവസിയെ സിബിഐ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കർ മരിച്ച സംഭവത്തിൽ സംഗീതജ്ഞനും
ബാലഭാസ്കറിന്റെ അടുത്ത സുഹൃത്തുമായ സ്റ്റീഫൻ ദേവസിയെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. അദ്ദേഹത്തിന്റെ മൊഴി സിബിഐ ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരത്തെ സിബിഐ ഓഫീസില്‍ മൊഴി നല്‍കാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.

കള്ളക്കടത്തും സാമ്പത്തിക ഇടപാടുകളിലെ തർക്കവും കാരണം വിഷ്ണുവും പ്രകാശ് തമ്പിയും ചേർന്ന് അപകടമൊരുക്കി എന്നാണ് ബന്ധുക്കളുടെ ആരോപണം. ഗൂഢാലോചനയിൽ സ്റ്റീഫൻ ദേവസിക്കും പങ്കുണ്ട് എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റീഫൻ ദേവസിയെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. അപകടത്തിന് ശേഷം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാലഭാസ്കറിനെ സ്റ്റീഫന്‍ ദേവസി കണ്ടിരുന്നു. ഉച്ചക്ക് ശേഷമായിരിക്കും മൊഴിയെടുപ്പ്.

അതേസമയം കേസുമായി ബന്ധപ്പെട്ട് വിഷ്ണു , പ്രകാശ് തമ്പി, ഡ്രൈവർ അർജുൻ, കലാഭവൻ സോബി എന്നിവരെ നുണ പരിശോധനയ്ക്ക് വിധേയരാക്കും. ഇവരെ നുണപരിശോധനക്ക് വിധേയരാക്കാനായി സിബിഐ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. നുണ പരിശോധനക്കായി കഴിഞ്ഞ ദിവസം ഇവർ സമ്മതമറിയിച്ചിട്ടുണ്ട്.
സ്വര്‍ണക്കടത്ത് സംഘങ്ങളുമായുളള ബന്ധത്തെ കുറിച്ച് വിഷ്ണു സോമസുന്ദരവും പ്രകാശന്‍ തമ്പിയും നല്‍കിയ മൊഴി മൊഴികളില്‍ വൈരുധ്യമുണ്ടായിരുന്നു. ഇരുവരുടെയും ബിസിനസ് ഇടപാടുകളും ദുരൂഹമാണെന്നാണ് സിബിഐ വിലയിരുത്തല്‍.