സ്ത്രീയെന്ന നിലയിൽ സഹതാപം സൃഷ്ടിക്കാനുള്ള ശ്രമം: കങ്കണയ്ക്കെതിരെ ഊർമ്മിള

മുംബൈ: ബോളിവുഡ് മേഖലയിലെ മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച കങ്കണ റണൌട്ടിൻ്റെ പരാമർശങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് നേതാവും അഭിനേത്രിയുമായ ഊർമ്മിള മണ്ഡോത്കർ. സ്ത്രീയെന്ന നിലയിൽ സഹതാപം സൃഷ്ടിക്കാനാണ് കങ്കണ ശ്രമിക്കുന്നതെന്ന് ഊർമ്മിള ആരോപിക്കുന്നു. നികുതി ദായകരുടെ പണമുപയോഗിച്ച് വൈ കാറ്റഗറി സുരക്ഷ ലഭിച്ച കങ്കണ എന്തുകൊണ്ട് ഇത്തരം ലഹരി ചങ്ങലയെക്കുറിച്ചുള്ള വിവിരം പൊലീസിന് നൽകുന്നില്ലെന്നും ഊർമ്മിള ചോദിക്കുന്നു. മുംബൈയ്ക്കെതിരായ കങ്കണയുടെ പരാമർശങ്ങൾക്കെതിരെയും രൂക്ഷമായാണ് കങ്കണ പ്രതികരിച്ചിരിക്കുന്നത്.

രാജ്യം മുഴുവൻ മയക്കുമരുന്ന് എന്ന ഭീഷണി നിലനിൽക്കുന്നുണ്ട്. എന്നാൽ കങ്കണയുടെ ജന്മനാടായ ഹിമാചലാണ് ഈ ലഹരിമരുന്നുകളുടെ ഉത്ഭവ സ്ഥാനമെന്ന് അവർക്കറിയില്ലേ? സ്വന്തം സംസ്ഥാനത്ത് നിന്നായിരിക്കണം കങ്കണയുടെ പ്രവർത്തനം തുടങ്ങേണ്ടിയിരുന്നതെന്നും ഊർമ്മിള പറയുന്നു.

മുംബൈ എല്ലാവരുടേയും സ്വന്തമാണ്. അതിലൊരു സംശവുമില്ല. ഈ നഗരത്തെ സ്നേഹിച്ചവർക്ക് ആ സ്നേഹം തിരികെ കിട്ടിയിട്ടുമുണ്ട്. അങ്ങനെയുള്ള മുംബൈയ്ക്കെതിരായ പരാമർശങ്ങൾ നഗരത്തെ മാത്രമല്ല അവിടെയുള്ള ജനങ്ങളെ അപമാനിക്കാൻ കൂടിയാണെന്നും ഊർമ്മിള പറയുന്നു. കങ്കണയുടെ പാലി ഹിൽസിലെ ഓഫീസ് മുംബൈ ക്ര‍പ്പറേഷൻ പൊളിച്ചതിനെ താൻ അനുകൂലിക്കുന്നില്ലെന്നും ഊർമ്മിള വ്യക്തമാക്കി

നേരത്തെ തനിക്കെതിരായ ലഹരിമരുന്ന് ആരോപണങ്ങളേക്കുറിച്ച് കങ്കണ രൂക്ഷമായി പ്രതികരിച്ചിരുന്നു. മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനുള്ള വൈദ്യപരിശോധനയ്ക്കും ഫോൺ കോൾ പരിശോധന നടത്തുന്നതിനും തയ്യാറാണെന്നും വ്യക്തമാക്കിയ കങ്കണ മയക്കുമരുന്ന് മാഫിയയുമായി തനിക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞാൽ എന്നന്നേക്കുമായി മുംബൈ വിടുമെന്നും വ്യക്തമാക്കിയിരുന്നു.