വാഷിംഗ്ടൺ: കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ ഒരു മാസത്തിനുള്ളിൽ ലഭ്യമായേക്കുമെന്ന് ആവർത്തിച്ച് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാക്സിന്റെ വളരെ അടുത്ത് എത്തിക്കഴിഞ്ഞു എന്നാണ് ട്രംപ് വ്യക്തമാക്കുന്നത്. ആഴ്ചകൾക്കുള്ളിൽ വാക്സിൻ പുറത്തിറങ്ങിയേക്കുമെന്നും മൂന്നാഴ്ചയോ നാലാഴ്ചയോ സമയം വേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു.
കൊറോണ വൈറസിനെതിരായ വാക്സിനിൽ ഈ വർഷാവസാനത്തോടെ അംഗീകാരം ലഭിക്കാൻ സാധ്യതയുണ്ടെന്ന് അമേരിക്കയിലെ പകർച്ച വ്യാധി വിദഗ്ധൻ ഡോക്ടർ അന്തോണി ഫൗസി ഉൾപ്പെടെയുള്ള ഗവേഷകർ അറിയിച്ചിരുന്നു. പെൻസിൽവാനിയയിൽ വച്ച് വോട്ടർമാരുമായി നടന്ന ചോദ്യോത്തര പരിപാടിയിൽ ട്രംപ് ഇക്കാര്യം പറഞ്ഞതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
ചൊവ്വാഴ്ച ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ നാലാഴ്ചയ്ക്കുള്ളിൽ വാക്സിൻ ലഭിച്ചേക്കുമെന്നും ചിലപ്പോൾ അത് എട്ടാഴ്ച ആകാമെന്നും ട്രംപ് പറഞ്ഞിരുന്നു. അതേസമയം നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ട് ട്രംപ് ആരോഗ്യപ്രവർത്തകർക്കും ശാസ്ത്രജ്ഞർക്കും മേൽ വാക്സിന്റെ കാര്യത്തിൽ രാഷ്ട്രീയ സമ്മർദ്ദം ചെലുത്തുകയാണെന്ന് ഡെമോക്രാറ്റിക് പാർട്ടി ആശങ്ക പ്രകടിപ്പിച്ചു.