അലന്‍റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്ന് എന്‍ഐഎ

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യം റദ്ദാക്കാൻ എൻഐഎ നൽകിയ അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. അലൻ, താഹ എന്നിവരുടെ മാവോയിസ്റ്റ് ബന്ധത്തിന് ശക്തമായ തെളിവുണ്ടെന്നാണ് എൻഐഎ വാദം. പ്രതികൾക്ക് മാവോയിസ്റ്റ് സംഘടനയുമായുള്ള ബന്ധം വ്യക്തമാക്കുന്ന ലഘുലേഖകൾ കണ്ടെത്തിയെന്നും അത് സർക്കാരിനെതിരെ യുദ്ധം ചെയ്യാൻ ആഹ്വാനം ചെയ്യുന്നവയാണെന്നും അപ്പീലിൽ പറയുന്നു.

രേഖകൾ പ്രഥമദൃഷ്ട്യാ ഗൗരവമേറിയതാണെന്ന് കോടതി സമ്മതിക്കുന്നുണ്ടെങ്കിലും തെളിവുകൾ വിലയിരുത്തുന്നതിൽ വിചാരണ കോടതിയ്ക്ക് തെറ്റുപറ്റി. പ്രതികൾക്ക് ജാമ്യം അനുവദിച്ചത് സമൂഹത്തിൽ അസ്വസ്ഥതയ്ക്ക് വഴി ഒരുക്കുകയും തെറ്റായ കീഴ്‌വഴക്കത്തിനു കാരണമാവുകയും ചെയ്യുമെന്നാണ് എന്‍ഐഎ വാദം. ജാമ്യ ഉത്തരവിൽ വിചാരണ കോടതി നടത്തിയ നിരീക്ഷണങ്ങളെയല്ല പ്രതികൾക്ക് ജാമ്യം അനുവദിച്ച നടപടിയെയയാണ് ചോദ്യം ചെയ്യുന്നതെന്ന് എൻഐഎ കോടതിയെ അറിയിച്ചു.

അതേസമയം അപ്പീൽ ഹർജിയുടെ പകർപ്പ് ഇതുവരെ കൈമാറിയില്ലെന്ന് പ്രതികളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഉടൻ കോപ്പി കൈമാറണമെന്ന് ഡിവിഷൻ ബ‌ഞ്ച് എൻഐഎയ്ക്ക് നിർദ്ദേശം നൽകി. ജസ്റ്റിസുമാരായ എ ഹരിപ്രസാദ്, കെ ഹരിപാൽ എന്നിവരടങ്ങിയ ഡിവിഷന്‍ ബ‌ഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്.പ്രതികൾ തീവ്രവാദ ആശയങ്ങളുടെ പ്രചാരകരായി എന്നതിന് തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് വ്യക്തമാക്കിയാണ് എൻഐഎ കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചത്.