മധ്യേഷ്യയിൽ സമാധാനം പുനസ്ഥാപിക്കും; ഇസ്രായേൽ യുഎഇയും ബഹ്റൈനുമായി കരാർ ഒപ്പിട്ടു

വാഷിംഗ്ടൺ: മധ്യേഷ്യയിൽ സമാധാനം പുനസ്ഥാപിക്കാൻ ഇസ്രയേൽ യുഎഇ, ബഹ്റൈൻ രാജ്യങ്ങളുമായി സമാധാന കരാർ ഒപ്പിട്ടു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്. യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, ബഹ്റൈൻ വിദേശകാര്യ മന്ത്രി അബ്ദുൽലതീഫ് ബിൻ റാഷിദ് അൽ സയാനി എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്.

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രായേലിനെ പ്രതിനിധീകരിച്ചു. ബെഹ്‌റൈനുവേണ്ടി വിദേശകാര്യമന്ത്രി അബ്ദുള്‍ലത്തീഫ് അല്‍ സയാനിയും ഉടമ്പടിയില്‍ ഒപ്പുവച്ചു. മൂന്ന് രാജ്യങ്ങളുടെയും ഉന്നതഭരണ നയതന്ത്ര സംഘങ്ങളടക്കം എഴുനൂറോളം പേരാണ് ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായത്.

ഓഗസ്റ്റ് 13നാണ് യുഎഇ ഇസ്രയേലുമായി നയതന്ത്ര ബന്ധത്തിന് ഒരുങ്ങിയത്. തുടർന്ന് ഈ മാസം 11 ന് ബഹ്റൈനും യുഎഇയുടെ പാത സ്വീകരിച്ചു. ഇതോടെ പ്രദേശത്ത് സമാധാനത്തിൻ്റെ പുത്തൻ പ്രതീക്ഷ വളർന്നിട്ടുണ്ട്.

മധ്യപൂർവ ദേശത്തെ അഞ്ചോ ആറോ രാജ്യങ്ങൾ കൂടി ഇസ്രയേലുമായി നയതന്ത്ര ബന്ധം ഉടൻ സ്ഥാപിക്കുമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. സൗദി അറേബ്യയുടെ ഭരണാധികാരികളുമായി സംസാരിച്ചതായും ട്രംപ് വ്യക്തമാക്കി.