സ്വപ്നയ്ക്കൊപ്പം വനിതാ പോലീസുകാർ സെൽഫിയെടുത്ത സംഭവം; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയ്ക്കൊപ്പം വനിതാ പോലീസ് ഉദ്യോഗസ്ഥർ സെൽഫി എടുത്ത സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. തൃശൂർ സിറ്റി പോലിസിലെ ആറു വനിതാ പോലീസുകാരെ കുറിച്ച് ആയിരിക്കും ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുക.
എന്ത് അടിസ്ഥാനത്തിലാണ് സ്വപ്നക്കൊപ്പം ഇവർ സെൽഫി എടുത്തത്, സ്വപ്നയുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടോ എന്നീ കാര്യങ്ങളെ കുറിച്ച് പരിശോധിക്കും. ഇവരുടെ ഫോൺ രേഖകളും അന്വേഷണത്തിന്റെ പരിധിയിൽ പെടും.

അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ വനിതാ പോലീസുകാർക്കെതിരെ അച്ചടക്ക നടപടി എടുക്കും. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് സ്വപ്നക്കൊപ്പം പോലീസുകാർ സെൽഫി എടുത്തത്. ഇത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതോടെ ഇവർക്ക് താക്കീത് നൽകിയിരുന്നു. എന്നാൽ കൗതുകത്തിനായി സെൽഫി എടുത്തതാണെന്ന് ആണ് പോലീസുകാരുടെ വിശദീകരണം.

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ വനിതാ സെല്ലിനുള്ളിൽ നിന്നു സ്വപ്ന ഫോണ്‍ ചെയ്തെന്ന വാർത്തകളും ഇതിനൊപ്പം പുറത്ത് വന്നിരുന്നു. എന്നാൽ ഇങ്ങനെ ഉണ്ടായിട്ടില്ലെന്നാണ് നഴ്സുമാരുടെ മൊഴി. ഇന്‍റലിജന്‍സ് അന്വേഷണത്തിലും ഫോണ്‍ വിളിച്ചതായി സൂചനയില്ല.