ന്യൂഡെൽഹി: കേന്ദ്ര മന്ത്രിസഭയിൽ ഉടൻ അഴിച്ചുപണിയെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാമത് എൻഡിഎ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനസംഘടനയിൽ കേരളത്തിൽ നിന്നും സുരേഷ് ഗോപിയും. കേന്ദ്ര പ്രതിരോധ സഹമന്ത്രിയായി സുരേഷ് ഗോപി അടുത്ത മാസം ചുമതലയേൽക്കുമെന്ന് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കി. സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് വിവാദത്തിലായ കേന്ദ്രമന്ത്രി വി മുരളീധരനെ മാറ്റാൻ ഒരു വിഭാഗം നേതാക്കാൾ രഹസ്യ നീക്കം നടത്തുന്നുണ്ട്. നയതന്ത്ര ബാഗേജ് വഴി സ്വർണക്കടത്തു നടന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും വി.മുരളീധരനും രണ്ടു തട്ടിലാണ്. മുരളീധരൻ്റെ പ്രസ്താവനക്ക് വിരുദ്ധമായ നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചതെന്നത് ശ്രദ്ധേയം.
കേരളത്തിലെ മാറിയ സാഹചര്യത്തിൽ പ്രബലമായ ഒരു ന്യൂനപക്ഷ വിഭാഗത്തെ കൂടെ നിർത്തിയാൽ പാർട്ടിക്ക് നേട്ടമുണ്ടാകുമെന്ന് ബിജെപി കേന്ദ്ര സംസ്ഥാന ഘടകങ്ങൾ വിലയിരുത്തുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ മുൻ കേന്ദ്ര സഹമന്ത്രിയെ വീണ്ടും മന്ത്രിയാക്കാനിടയുണ്ടെന്ന് അറിയുന്നു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂനപക്ഷ പ്രതിനിധിയെ മന്ത്രി ആക്കുമെന്നാണ് സൂചന.
അടുത്തിടെ മുന്നണി വിട്ട് ഒറ്റയ്ക്ക് നിൽക്കുന്ന ഒരു പാർട്ടിയെയും ബിജെപി കൂടെ കൂട്ടാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഇവർ മനസു തുറന്നിട്ടില്ലെന്നാണ് അറിയുന്നത്. ഈ വിഭാഗം ഒപ്പം ചേർന്നാൽ കേന്ദ്ര സഹമന്ത്രി സ്ഥാനം ഉറപ്പാണ്. ഇക്കാര്യത്തിലെ പുരോഗതി കൂടി വിലയിരുത്തിയാകും ന്യൂനപക്ഷ വിഭാഗത്തിലെ മന്ത്രിയെന്നാണ് സൂചന.
വിവിധ വകുപ്പുകളിലെ മന്ത്രിമാരുടെ പ്രവർത്തനങ്ങളും അവർക്ക് നൽകിയ ലക്ഷ്യം പൂർത്തീകരിച്ചോ എന്ന “പ്രോഗ്രസ് റിപ്പോർട്ട് ” പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തിതുടങ്ങിയിട്ടുണ്ട്. കാബിനറ്റിൽ ചില മാറ്റങ്ങളെല്ലാം ഇതോടെ ഉണ്ടാകുമെന്നാണ് സൂചനകൾ. നിലവിൽ മുഖ്യ ഭരണകക്ഷിയായ ബിജെപി വിവിധ സംസ്ഥാനങ്ങളിലെ പാർട്ടി പുനസംഘടന പൂർത്തിയാക്കുന്ന തിരക്കിലാണ്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല
ഭരണഘടനയുടെ ആർട്ടിക്കിൾ 370 ദുർബലപ്പെടുത്തിയതും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും അയോധ്യ കേസ് വിധിയുമെല്ലാം പ്രതികൂല അഭിപ്രായങ്ങളെക്കാൾ അനുകൂല അഭിപ്രായമാണ് ജനങ്ങൾക്കിടയിൽ സർക്കാരിനെ കുറിച്ചുണ്ടാക്കിയത് എന്നാണ് വിലയിരുത്തൽ. അമേരിക്കയുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധത്തിലെ വളർച്ചയും ഇവയിൽ പെടും. പൗരത്വ ഭേദഗതി ആക്ട്, ഷഹീൻബാഗിലെ സമരം തുടർന്ന് ഡെൽഹിയിൽ ജെഎൻയുവിലെ വിദ്യാർത്ഥികളെ ആക്രമിച്ചതും രാജ്യ തലസ്ഥാനത്ത് അരങ്ങേറിയ കലാപവും ഇക്കാലയളവിൽ സർക്കാരിന്റെ ശോഭ കെടുത്തിയെങ്കിലും സാഹചര്യം മാറിയെന്ന് ബിജെപി കരുതുന്നു.
ലോകത്ത് ഏറ്റവും ജനസാന്ദ്രതയുള്ള രണ്ടാമത് രാജ്യമായിട്ടും കൊറോണ മഹാമാരി കേസുകൾ അധികമാകാതെ പിടിച്ചുനിർത്തിയതിന് നിരവധി രാജ്യങ്ങൾ ഇന്ത്യയെ പുകഴ്ത്തിയിട്ടുണ്ട്. ഇന്ത്യ പ്രതിരോധിച്ചത് അഞ്ച് ഘട്ടമായി നിൽക്കുന്ന രാജ്യമാകെയുള്ള ലോക്ഡൗണിലൂടെയായിരുന്നു. ഇതിലൂടെ സാമ്പത്തിക രംഗം വീണ്ടും മോശമായി. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിൽ സ്വകാര്യവത്കരണത്തിന് വഴിമാറിയെന്ന ശക്തമായ ആരോപണം നിലനിൽക്കുകയാണ്.
എന്നാൽ ഇക്കാലങ്ങളിലത്രയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മതിപ്പ് കുറഞ്ഞിട്ടില്ല. ഏപ്രിൽ മാസത്തിൽ ആഗോള ഡേറ്റ ഇന്റലിജൻസ് സംരംഭമായ മോണിംഗ് കൺസൾട്ട് നടത്തിയ സർവ്വേയിൽ ലോകത്തെ പത്ത് പ്രമുഖ നേതാക്കന്മാരിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെ, ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ എന്നിവർക്കൊപ്പമാണ് മോദിയുടെ സ്ഥാനം.