തിരുവനന്തപുരം: കേരളത്തിന് മൂന്ന് പ്രത്യേക തീവണ്ടികൾ അനുവദിക്കും. ഈ തീവണ്ടികൾ അടുത്ത ആഴ്ച മുതൽ സർവീസ് ആരംഭിക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ ഇറങ്ങും. രാജ്യത്ത് 86 പ്രത്യേക തീവണ്ടികൾ അനുവദിച്ചപ്പോൾ കേരളത്തിന് ഒന്നുപോലും ലഭിച്ചില്ലെന്ന് പരാതി ഉയർന്നിരുന്നു. സംസ്ഥാനത്തിനകത്ത് ഓടുന്ന ജനശതാബ്ദിയും വേണാടും റദ്ദാക്കിയിരുന്നു. ഈ തീരുമാനവും വിവാദമായി. പരാതിയെ തുടർന്ന് റദ്ദാക്കൽ പിൻവലിച്ചെങ്കിലും പുതിയ തീവണ്ടികൾ അനുവദിച്ചിരുന്നില്ല.
ഡെൽഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന തിരുവനന്തപുരം-ഡൽഹി കേരള എക്സ്പ്രസും തിരുവനന്തപുരം-ചെന്നൈ, മംഗളൂരു-ചെന്നൈ മെയിലുകളുമാണ് അനുവദിക്കാൻ സാധ്യത. സംസ്ഥാനം ആവശ്യപ്പെടുകയും 25 ശതമാനത്തിലേറെ യാത്രക്കാരുണ്ടാവുകയും ചെയ്താൽ കൂടുതൽ തീവണ്ടികൾ ഓടിക്കാമെന്ന നിലപാടിലാണ് റെയിൽവേ.
സംസ്ഥാനം ആവശ്യപ്പെട്ടാൽ തീവണ്ടികൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കാമെന്നും റെയിൽവേ വ്യക്തമാക്കുന്നു . കേരളത്തിൽ സർവീസ് നടത്തുന്ന തീവണ്ടികൾ കാലിയായി ഓടുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാൽ തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ പല തീവണ്ടികളിലും എസി. കോച്ചുകളിലൊഴികെയുള്ള റിസർവേഷൻ നില, വെയിറ്റിങ് ലിസ്റ്റിലേക്ക് പോകുന്നുണ്ട്.