ക്രിക്കറ്റ് താരം സുരേഷ് റെനയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പേരെ അറസ്റ്റിൽ

ഛണ്ഡിഗഢ്: ക്രിക്കറ്റ് താരം സുരേഷ് റെനയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിൽ സംഘത്തിലെ മൂന്നു പേരെ അറസ്റ്റ് ചെയ്തു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗാണ് ഇക്കാര്യം അറിയിച്ചത്. കവർച്ചക്കിടെയാണ് സംഘം ഇവരെ കൊലപ്പെടുത്തിയത്. അന്തർ സംസ്ഥാന കവർച്ചാ സംഘത്തിൽ പെട്ടവരാണ് പ്രതികൾ. മറ്റു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും പഞ്ചാബ് ഡിജിപി ദിനകർ ഗുപ്ത അറിയിച്ചു.

പഞ്ചാബിലെ പഠാൻകോട്ട് റെയിൽവെ സ്റ്റേഷന് സമീപത്തുള്ള ചേരിപ്രദേശത്ത് പ്രതികൾ ഒത്തുചേർന്നതായി പ്രത്യേക അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ ആണ് മൂന്നു പേരും പിടിയിലായത്. ഇവരിൽ നിന്നും ആയുധമായി ഉപയോഗിക്കുന്ന രണ്ടു തടി കഷ്ണങ്ങൾ,രണ്ട് സ്വർണ മോതിരം, 1530 രൂപ എന്നിവ കണ്ടെടുത്തു.

പഞ്ചാബ്, ഉത്തർപ്രദേശ്, ജമ്മു കശ്മീർ എന്നിവടങ്ങളിൽ സമാനമായ കുറ്റകൃത്യങ്ങൾ നേരത്തെയും നടത്തിയിട്ടുണ്ടെന്ന് പ്രതികൾ പോലീസിനോട് വ്യക്തമാക്കി. സുരേഷ് റെയ്നയുടെ ബന്ധുവിട്ടിൽ സംഘം കവർച്ച നടത്തിയ അതേ രാത്രിയിൽ രണ്ടിടങ്ങളിലായി കവർച്ചാ ശ്രമങ്ങൾ നടത്തിയിരുന്നു. രണ്ടും പരാജയപ്പെട്ടതോടെയാണ് മൂന്നാമത്തെ ശ്രമമായി സുരേഷ് റെയ്നയുടെ അമ്മാവൻ അശോക് കുമാറിന്റെ വീട് തിരഞ്ഞെടുത്തത്.

ആക്രമണത്തിൽ റെയ്നയുടെ അമ്മാവൻ അശോക് കുമാറും അദ്ദേഹത്തിന്റെ മകൻ കൗശൽ കുമാറും മരിച്ചിരുന്നു. അമ്മായി ആശ റാണി ഗുരതരാവസ്ഥയിൽ തുടരുകയാണ്. മറ്റു രണ്ടു പേർക്ക് കൂടി പരിക്കേറ്റിരുന്നെങ്കിലും അവർ ആശുപത്രി വിട്ടു.