ലഖ്നൗ: ആഗ്രയിലെ മുഗള്‍ മ്യൂസിയത്തിന്റെ പേര് ഛത്രപതി ശിവജി മഹാരാജ് മ്യൂസിയം എന്നാക്കി മാറ്റി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ കാലത്താണ് സംസ്ഥാന ടൂറിസം വകുപ്പ് 141 കോടി രൂപ ചിലവില്‍ മുഗള്‍ മ്യൂസിയം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.
താജ് മഹലിനടുത്ത് 2016 ഇൽ നിര്‍മാണം ആരംഭിച്ച മ്യൂസിയം 2017-ല്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനായിരുന്നു ഉദ്ദേശ്യം. എന്നാല്‍ 20 കോടി മുതല്‍ മുടക്ക് പ്രതീക്ഷിച്ച മ്യൂസിയം ഫണ്ട് മുടങ്ങിയത് കാരണം നിര്‍മ്മാണം പൂര്‍ത്തിയായില്ല. മ്യൂസിയത്തിന്റെ മിനുക്കുപണികള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്.
ഡേവിഡ് ചിപ്പര്‍ഫീല്‍ഡ് ആര്‍ക്കിടെക്റ്റുകളും നോയിഡ ആസ്ഥാനമായുള്ള സ്റ്റുഡിയോ ആര്‍ക്കോമുമാണ് താജ്മഹലിന്റെ കിഴക്കന്‍ കവാടത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ഈ മ്യൂസിയത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തത്. മ്യൂസിയത്തിന്റെ പേര് മാറ്റാനുള്ള തീരുമാനത്തെ സമാജ്വാദി പാര്‍ട്ടിയുടെ ആഗ്ര പ്രസിഡന്റ് വാസിദ് നിസാര്‍ എതിര്‍ത്തു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പകരം പേരുകള്‍ മാറ്റുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.