തിരുവനന്തപുരം: തന്റെ വീട്ടിൽ ആരും സ്വർണം ഉപയോഗിക്കാറില്ലെന്ന് മന്ത്രി കെടി ജലീൽ. മകൾക്ക് മഹറായി നൽകിയത് വിശുദ്ധ ഖുറാനാണ്. ആകെ 6000 രൂപയുടെ ആഭരണങ്ങളാണ് അവൾക്ക് വാങ്ങി നൽകിയത്. താനും ഭാര്യയും സ്വർണം ഉപയോഗിക്കാറില്ല. തന്റെ കൈകൾ 101% ശുദ്ധമാണെന്നും ജലീൽ പറഞ്ഞു. പാർട്ടി ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ജലീലിന്റെ അഭിപ്രായപ്രകടനം.
തൻ്റെ സ്ഥലത്തിൻ്റെ ആധാരം പണയം വച്ച് ലോണെടുത്തിരിക്കുകയാണെന്നും ജലീൽ അവകാശപ്പെട്ടു. അഞ്ചു ലക്ഷം രൂപയ്ക്കാണ് ആധാരം പണയം വച്ചിരിക്കുന്നതെന്നാണ് മന്ത്രി പറയുന്നത്.
മുസ്ലിംലീഗ് ഇന്നേവരെ സാമ്പത്തികത്തട്ടിപ്പ് നടത്തിയവരെ പുറത്താക്കിയിട്ടില്ല. മുസ്ലിംലീഗിൽ എല്ലാം അനുവദനീയമായ കാലമാണ്. മുസ്ലിം ലീഗിന്റെ നേതൃനിരയിലിരിക്കുന്ന എത്രയോ പേർ ഗൾഫ് മലയാളികളെ പറ്റിച്ചിട്ടുണ്ട്. ലീഗിലുള്ള കാലത്ത് ചെറിയൊരു വീഴ്ചയെങ്കിലും തനിക്ക് ഉണ്ടായോയെന്ന് മുസ്ലിം ലീഗ് അധ്യക്ഷൻ പറയണം. താൻ തെറ്റുചെയ്തെന്ന് നെഞ്ചിൽ കൈവെച്ച് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞാൽ രാജിവെക്കുമെന്നും ജലീൽ കൂട്ടിച്ചേർത്തു.
സ്വപ്ന സുരേഷിനെ വിളിച്ചെന്ന ആരോപണം വന്നപ്പോൾ ഒരുമണിക്കൂറിനുള്ളിൽ ഞാൻ മാധ്യമങ്ങളെ കണ്ടതാണ്. ഒരു മുടിനാരിഴ പങ്ക് എങ്കിലും തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും ജലീൽ പ്രതികരിച്ചു.