മുംബൈ: ഉള്ളി കയറ്റുമതി നിരോധിക്കാനുള്ള തീരുമാനം പാകിസ്ഥാനടക്കമുള്ള രാജ്യങ്ങൾക്ക് ഗുണം ചെയ്യുമെന്ന് എൻസിപി നേതാവ് ശരദ് പവാർ. മഹാരാഷ്ട്രയിൽ ഉള്ളി വില 30 രൂപ കടന്നതോടെയാണ് വില നിയന്ത്രിക്കുന്നതിനായി എല്ലാത്തരം ഉള്ളികളുടെ കയറ്റുമതിയും കേന്ദ്രം നിരോധിച്ചത്. തീരുമാനം കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിരോധനം ഗൾഫ് രാജ്യങ്ങളിലേക്കടക്കമുള്ള കയറ്റുമതിയിൽ ഇന്ത്യയുടെ പങ്കാളിത്തം കുറക്കും. കയറ്റുമതി നിരോധിക്കാനുള്ള തീരുമാനം പാകിസ്ഥാനടക്കമുള്ള മറ്റ് രാജ്യങ്ങൾക്ക് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഉള്ളിക്കയറ്റുമതി നിരോധനവുമായി ബന്ധപ്പെട്ട് വാണിജ്യമന്ത്രി പിയൂഷ് ഗോയലുമായി സംസാരിച്ചെന്നും പുനപ്പരിശോധിക്കാൻ ആവശ്യപ്പെട്ടെന്നും ശരദ് പവാർ അറിയിച്ചു. നിരോധനം മഹാരാഷ്ട്രയിലെ ഉള്ളിക്കർഷകർക്ക് തിരിച്ചടിയാണ്. നിരോധന തീരുമാനത്തിന് ശേഷം നിരവധി ജനപ്രതിനിധികൾ എന്നെ ബന്ധപ്പെട്ടു. ഉള്ളി കയറ്റുമതി നിരോധിക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്ന് കേന്ദ്ര സർക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
മാർച്ച് മുതൽ സെപ്റ്റംബർ മാസങ്ങളിൽ ഉള്ളിവില ഉയരാറുണ്ട്. കിലോക്ക് ശരാശരി 20 രൂപയാകേണ്ട സ്ഥാനത്ത് 35-40 ആയതോടെയാണ് കേന്ദ്രം പൊടുന്നനെ കയറ്റുമതി നിരോധിച്ചത്.