കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹര്‍ജി പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ അഭിഭാഷകന്‍ വഴി ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കിയത്. കേസില്‍ നടന്‍ മുകേഷിനെ ഇന്ന് വിസ്തരിച്ചേക്കും. നടിയെ ആക്രമിച്ച കേസില്‍ പ്രത്യേക കോടതിയില്‍ വിചാരണ നടക്കുന്നതിനിടെയാണ് കേസിലെ പ്രധാന പ്രതികളിലൊരാളായ ദിലീപിന്‍റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്.
കേസില്‍ ദിലീപിന് എതിരായ മൊഴി നല്‍കിയ ചില സാക്ഷികള്‍ കോടതിയില്‍ മൊഴിമാറ്റിപ്പറഞ്ഞതിന് പിന്നാലെ പ്രധാന സാക്ഷിയും മൊഴി മാറ്റിയതിനെ തുടര്‍ന്നാണ് പ്രോസിക്യൂഷന്‍റെ നടപടി.തൃശൂര്‍ ടെന്നീസ് ക്ലബില്‍ വച്ച് ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നുമാണ് പ്രോസിക്യൂഷന്‍റെ അപേക്ഷയിലുള്ളത്.
സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ച തൃശൂരിലെ അഭിഭാഷകനെ കോടതി വിളിച്ചു വരുത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ 302 സാക്ഷികളുടെ വിസ്താരമാണ് പൂര്‍ത്തിയാക്കണ്ടത്. ഇതിനകം ആക്രമിക്കപ്പെട്ട നടിയടക്കം 44 സാക്ഷികളുടെ വിസ്താരം പ്രത്യേക കോടതിയില്‍ പൂര്‍ത്തിയായിട്ടുണ്ട്. 2017 ഫെബ്രുവരി 18 നാണ് നടി ആക്രമിക്കപ്പെടുന്നത്. കേസില്‍ 2017 ജൂലൈ 10 ന് ദിലീപ് അറസ്റ്റിലായി. 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.