ചേതന്‍ ഭഗത്തിനെ കടിച്ചാല്‍ പൊട്ടാത്ത വാക്കുകളില്‍ പുകഴ്ത്തി ശശി തരൂര്‍

ന്യൂഡെല്‍ഹി: എഴുത്തുകാരന്‍ ചേതന്‍ ഭഗത്തിനെ കടിച്ചാല്‍ പൊട്ടാത്ത വാക്കുകളില്‍ പുകഴ്ത്തി ശശി തരൂര്‍ എം.പി. വലിയ ഇംഗ്ളീഷ് വാക്കുപയോഗിച്ച്‌ പ്രശംസിക്കാമോയെന്ന് ചോദിച്ച ചേതന്‍ ഭഗത്തിനെയാണ് തരൂർ കാര്യമായി പ്രശംസിച്ചത്‌. കഴിഞ്ഞ ദിവസം ദേശീയ മാദ്ധ്യമത്തില്‍ ഇന്ത്യയില്‍ എഴുതിയ ചേതന്റെ കോളം വായിച്ചാണ് തരൂര്‍ അഭിനന്ദിച്ചത്.

‘നമ്മുടെ രാജ്യത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളെപറ്റിയും അതില്‍ നാം ചെയ്യേണ്ടതെന്നും ചേതന്‍ കൃത്യമായി പറഞ്ഞു. രചനയുടെ ലാളിത്യവും വ്യക്തതയുമാണ് ചേതന്റെ മഹത്വം. അദ്ദേഹത്തിന്റെ സന്ദേശം വ്യക്തമാണ്. സര്‍ക്കാരിലെ അദ്ദേഹത്തിന്റെ ആരാധകര്‍ ഇക്കാര്യങ്ങള്‍ മനസിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു”-
എന്നായിരുന്നു തരൂര്‍ കുറിച്ചത്.ഇതിന് മറുപടിയായി ‘എന്നെ തരൂര്‍ അഭിനന്ദിച്ചതില്‍ സന്തോഷമുണ്ടെന്നും അടുത്ത തവണ തരൂരിന് മാത്രം സ്വന്തമായ കുറച്ച്‌ വലിയ വാക്കുകള്‍ ഉപയോഗിച്ച്‌ എന്നെ പുകഴ്ത്തണമെന്നും’ ചേതന്‍ ഭഗത്ത് ട്വീറ്റ് ചെയ്തു.

ഇത് ശ്രദ്ധയില്‍പെട്ട തരൂര്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കടുത്ത വാക് പ്രയോഗം നടത്തുകയായിരുന്നു.

”തീര്‍ച്ചയായും ചേതന്‍ ഭഗത്, നിങ്ങള്‍ നീളമുള്ള വാക്കുകള്‍ ഉപയോഗിക്കുന്നയാളോ പൊങ്ങച്ചം പറയുന്ന ആളോ അല്ലെന്ന് വ്യക്തമാണ്. താങ്കളുടെ ആശയങ്ങള്‍ പൊടിപ്പും തൊങ്ങലുകളുമില്ലാത്തതും വളച്ചുകെട്ടിപ്പറയാത്തതും പ്രകടനപരതയില്ലാത്തതുമാണ് . ഇന്നത്തെ കോളത്തിലെ തെളിഞ്ഞ ഉള്‍ക്കാഴ്ചയെ ഞാന്‍ അഭിനന്ദിക്കുന്നു.” എന്നാണ് ചിരപരിചിതമല്ലാത്ത ഇംഗ്ളീഷ് വാക്കുകള്‍ ഉപയോഗിച്ച്‌ തരൂര്‍ പറഞ്ഞത്.