ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മയിലുകളുമായി തിരക്കിലാണെന്നും ജനങ്ങൾ സ്വന്തം ജീവൻ സ്വയം രക്ഷിക്കേണ്ടതുണ്ടെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൊറോണ പ്രതിരോധത്തിൽ കേന്ദ്രത്തെ പരിഹസിച്ചാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.
പ്രധാനമന്ത്രി മയിലുകളുമായി കളിക്കുന്ന തിരക്കിലാണ് അതിനാൽ കൊറോണയെ നേരിടാൻ ജനങ്ങൾ സ്വന്തം നിലയിൽ തയ്യാറാവണം. ഇന്ത്യയിലെ കൊറോണ കേസുകൾ ഇൗ ആഴ്ച 50 ലക്ഷം കടക്കും. വെറും ഈഗോയുടെ പുറത്ത് ആസൂത്രിതമല്ലാത്ത രീതിയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതാണ് കൊറോണ ഇത്തരത്തിൽ ഗുരുതരമാക്കാൻ കാരണമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
അതേസമയം അതിർത്തിയിലെ സംഘർഷത്തിൽ വിശദ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം പാർലിമെന്റിൽ സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ കേന്ദ്രം തള്ളി. അതിർത്തി തർക്കത്തിൽ പാർലമെൻറിൽ വിവാദം പാടില്ലെന്ന് പറഞ്ഞ് പ്രധാനമന്ത്രി തന്നെ ചർച്ചയ്ക്കുള്ള സാധ്യത അടച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിൻ്റെ പ്രസ്താവനയും ഉണ്ടായില്ല.