ജലീലിൻ്റെ രാജിക്ക് സംസ്ഥാനമെങ്ങും പ്രതിപക്ഷ പ്രക്ഷോഭം; സംഘർഷം; പോലീസ് ബലപ്രയോഗം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനമെങ്ങും പ്രതിപക്ഷ പ്രക്ഷോഭം. പ്രതിപക്ഷ യുവജന സംഘടനകളായ യൂത്ത് കോൺഗ്രസും എംഎസ്എഫും യുവമോർച്ചയും മഹിളാ മൂർച്ചയും വിവിധയിടങ്ങളിൽ നടത്തിയ മാർച്ചുകൾ പൊലീസുമായുളള സംഘർഷത്തിൽ കലാശിച്ചു. സെക്രട്ടേറിയറ്റിലേക്ക് കടക്കാൻ ശ്രമിച്ച മഹിളാ മോർച്ച പ്രവർത്തകരെ ഏറെ പണിപ്പെട്ടാണ് പൊലീസ് പിന്തിരിപ്പിച്ചത്. കൊച്ചിയിലും ഇടുക്കിയിലും കൊടുങ്ങല്ലൂരിലും സമരക്കാർക്കുനേരെ പൊലീസ് ബലപ്രയോഗം നടത്തി.

പ്രതിഷേധം തടുക്കാന്‍ മിക്കയിടത്തും പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ ഇപ്പോഴും മഹിളാമോർച്ച പ്രവർത്തകർ പ്രതിഷേധം തുടരുകയാണ്. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിക്കുകയാണ്. കോട്ടയത്ത്‌ എംഎസ്എഫിന്റെയും കെഎസ്‍യുവിന്റെയും പ്രതിഷേധം നടന്നു. എം എസ് എഫ് പ്രവർത്തകർ കോട്ടയം കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് കളക്ട്രേറ്റ് ഗേറ്റിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് അസീസ് ബടായിൽ ഉദ്ഘാടനം ചെയ്തു. ഗാന്ധി സ്‌ക്വയറിൽ നടന്ന കെഎസ്യു പ്രതിഷേധ സംഗമം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വൈകുന്നേരം നാല് മണി വരെയാണ് പ്രതിഷേധ സംഗമം.

കട്ടപ്പന മിനി സിവിൽസ്റ്റേഷനിലേക്ക് എബിവിപി നടത്തിയ മാർച്ചിൽ ലാത്തിചാർജ് ഉണ്ടായി. പ്രവർത്തകർ തല്ലിക്കയറാൻ ശ്രമിച്ചത്തോടെയാണ് പൊലീസ് ലത്തിവീശിയത്. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. ഒമ്പത് പേരെയാണ് അറസ്റ്റ് ചെയ്തത്.

എംഎസ്എഫ് പ്രവര്‍ത്തകര്‍ കോഴിക്കോട് കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷം അരങ്ങേറി. ജലപീരങ്കിലും കണ്ണീര്‍ വാതകവും പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാത്തതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. സംഘര്‍ഷത്തില്‍ ഇരുപതിലധികം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതിഷേധങ്ങള്‍ കനക്കുമ്പോഴും പുതിയ ആരോപണങ്ങള്‍ ഉയരുമ്പോഴും മന്ത്രി കെ ടി ജലീല്‍ മൗനം തുടരുകയാണ്. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ ജലീല്‍ കനത്ത പൊലീസ് കാവലില്‍ മന്ത്രി മന്ദിരത്തില്‍ തുടരുകയാണ്. മന്ത്രിയുടെ രാജി വേണ്ടെന്ന നിലപാടില്‍ സിപിഎമ്മും ഇടതുമുന്നണിയും ഉറച്ചു നില്‍ക്കുയാണ്.