ആലപ്പുഴ : ആലപ്പുഴയിൽ കടലിൽ കാണാതായ രണ്ടരവയസ്സുള്ള കുട്ടിയെ ഇതുവരെ കണ്ടെത്താനായില്ല. ഇന്നലെ സെൽഫിയെടുക്കുന്നതിനിടെ അമ്മയും മക്കളും തിരയിൽപ്പെട്ടു രണ്ടരവയസ്സുകാരനെ കടലിൽ കാണാതാവുകയായിരുന്നു. പാലക്കാട് കിഴക്കഞ്ചേരി കൊഴുക്കുള്ളി ലക്ഷ്മണന്റെയും അനിതയുടെയും മകൻ ആദികൃഷ്ണയാണ് തിരയിൽപ്പെട്ട് കാണാതായത്. ഞായറാഴ്ച പകൽ രണ്ടരയോടെ ആലപ്പുഴ ബീച്ചിലാണ് അപകടം നടന്നത്.
അനിതമോളെയും ഇവരുടെ സഹോദരങ്ങളുടെ ആറും ഏഴും വയസ്സുള്ള മറ്റ് രണ്ട് കുട്ടികളെയും ഇവരോടൊപ്പം ബീച്ചില്‍ എത്തിയ ബന്ധുവായ ആലപ്പുഴ സ്വദേശി ബിനു രക്ഷപ്പെടുത്തി. ഞായറാഴ്ച ഉച്ചക്ക് 2.45നായിരുന്നു സംഭവം.
രണ്ട് ദിവസം മുമ്പ് അനിത മോളും ആദികൃഷ്ണയുടെ സഹോദരനും അനിതയുടെ സഹോദരൻ്റെ മകനുമായി തൃശൂരില്‍ വിവാഹത്തില്‍ പങ്കെടുത്തശേഷം ആലപ്പുഴ ഇന്ദിരാ ജംഗ്ഷനിലെ ബന്ധുവായ ചാത്തനാട് രാജി സദനത്തിൽ ബിനുവിൻ്റെ വീട്ടില്‍ എത്തിയതായിരുന്നു.ഞായറാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെ ഉച്ചഭക്ഷണത്തിനുശേഷം ബിനു വാഹനത്തില്‍ ഇവരുമായി ആലപ്പുഴ ബീച്ചില്‍ എത്തി. വിജയാപാര്‍ക്കിന് സമീപം എത്തിയ ഇവരെ പൊലീസ് കടല്‍ തീരത്തേക്ക് പോകാന്‍ അനുവദിച്ചില്ല.
വാഹനവുമായി ഇവര്‍ ഇഎസ്ഐ ആശുപത്രിക്ക് സമീപത്തെ വില്ലേജ് ഓഫിസിന് പടിഞ്ഞാറ് ആളൊഴിഞ്ഞ ഭാഗത്ത് എത്തി. ബിനു വാഹനം പാര്‍ക്ക് ചെയ്യാന്‍ പോയസമയം അനിതമോള്‍ കുട്ടികളുമായി തീരത്തേക്ക് പോയി. ഈസമയം കടല്‍ പ്രക്ഷുബ്ധമായിരുന്നു.
തീരത്തുനിന്ന് കുട്ടികളുമായി സെല്‍ഫി എടുക്കുന്നതിനിടെ എത്തിയ കൂറ്റന്‍ തിരയില്‍ പെട്ട് നാലുപേരും കടലിലേക്ക് വീണു. കരച്ചില്‍ കേട്ട് ബിനു എത്തി അനിതമോളെയും ആദികൃഷ്ണയുടെ സഹോദരനും അനിതയുടെ സഹോദരൻ്റെ മകനെയും രക്ഷിച്ചു. അനിതമോളുടെ കൈയില്‍നിന്ന് ആദികൃഷ്ണ തിരയില്‍പെട്ട് കാണാതാവുകയായിരുന്നു. വിവരം അറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്സും മത്സ്യത്തൊഴിലാളികളും എത്തിയെങ്കിലും കൂറ്റന്‍തിരമാലകള്‍ ഇരച്ചുകയറുന്നതിനാല്‍ കടലിലേക്ക് ഇറങ്ങാന്‍ വയ്യാത്ത സാഹചര്യമായിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിനിടെ ഫോണ്‍, കാറിൻ്റെ താക്കോല്‍ എന്നിവയും നഷ്ടമായി. വിലക്കുകള്‍ ലംഘിച്ച് ഉല്ലാസയാത്രക്ക് ബീച്ചിലെത്തി കുഞ്ഞിന് അപകടം സംഭവിച്ച സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നരഹത്യക്ക് കേസ് എടുക്കണമെന്ന് സിഡബ്ല്യുസി ചെയര്‍പേഴ്‌സന്‍ ജലജ ചന്ദ്രന്‍ പൊലീസിനോട് ആവശ്യപ്പെട്ടു.