പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതിയും സോണിയ ഗാന്ധിയുമടക്കം പതിനായിരത്തോളം പ്രമുഖ ഇന്ത്യക്കാർ ചൈനീസ് നിരീക്ഷണത്തിൽ

ന്യൂഡെൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉൾപ്പെടെ ഇന്ത്യയിലെ പതിനായിരത്തോളം പ്രമുഖരായ വ്യക്തികളെയും സ്ഥാപനങ്ങളെയും ചൈന നിരീക്ഷിക്കുന്നതായി റിപ്പോർട്ട്. സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്, കേന്ദ്രമന്ത്രിമാര്‍, ചില സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, സുപ്രീം കോടതി ജഡ്ജിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മാധ്യമപ്രവർത്തകര്‍, വ്യവസായികൾ എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രിയുടെ ഉൾപ്പടെ കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ചൈനീസ് സർക്കാരുമായി അടുപ്പമുള്ള കമ്പനിയാണ് സാമൂഹിക മാധ്യമങ്ങൾ വഴി ഇവരെ നിരീക്ഷിക്കുന്നത്‌. ചൈനീസ് സർക്കാരും രഹസ്യാന്വേഷണ ഏജൻസികളുമായി ചേർന്ന് പ്രവർഹിക്കുന്ന ഇൗ കമ്പനിയുടെ ബിഗ് ഡേറ്റ പരിശോധിച്ചതിൽ നിന്നാണ് ഇൗ വിവരങ്ങൾ ലഭിച്ചത്. ഓവര്‍സീസ് കീ ഇന്‍ഫര്‍മേഷന്‍ ഡാറ്റാബേസ് എന്ന് കമ്പനി വിളിച്ചിരുന്ന ലോഗ് ഫയലുകളില്‍ നിന്നാണ് ഇവ കണ്ടെത്തിയിരിക്കുന്നത്.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുഖ്യമന്ത്രിമാരായ മമതാബാന‍ര്‍ജി, ഉദ്ദവ് താക്കറെ, അശോക് ഗെഹ്ലോട്ട്, നവീൻ പട്ട്നായിക്, അമരീന്ദര്‍ സിംഗ്, കേന്ദ്രമന്ത്രിമാരായ രാജ്നാഥ്സിംഗ്, നിര്‍മ്മല സീതാരാമൻ, സ്മൃതി ഇറാനി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, മറ്റ് ജസ്റ്റിസുമാര്‍, രത്തൻ ടാറ്റയടക്കമുള്ള ചില വ്യവസായികളടക്കം പട്ടികയിൽ ഉള്‍പ്പെട്ടിട്ടുണ്ട്.

ബ്യൂറോക്രാറ്റുകള്‍, ന്യായാധിപന്മാര്‍, ശാസ്ത്രജ്ഞര്‍, അക്കാദമിക രംഗത്തുള്ളവര്‍, മാധ്യമപ്രവര്‍ത്തകര്‍, അഭിനേതാക്കള്‍, കായികതാരങ്ങള്‍, മതനേതാക്കള്‍, ആക്ടിവിസ്റ്റുകള്‍ എന്നിങ്ങനെ എല്ലാ മേഖലയിൽ ഉള്ളവരും ഇതിൽ പെടുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ലഢാഖിലെ നിയന്ത്രണ രേഖയില്‍ ഇന്ത്യ- ചൈന സംഘര്‍ഷം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ചൈന ഇന്ത്യക്കാരെ നിരീക്ഷിക്കുന്നുണ്ടെന്ന വാര്‍ത്ത പുറത്തുവരുന്നത്. ഈ സാഹചര്യത്തില്‍ വളരെ അധികം പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്.