ന്യൂഡെൽഹി: സോണിയാ ഗാന്ധിയുടെ മെഡിക്കല്‍ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി സോണിയയും രാഹുല്‍ ഗാന്ധിയും വിദേശത്തേക്ക് പോയതിനാല്‍ പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടത്തില്‍ ഇരുവരും പങ്കെടുക്കില്ല. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം രാഹുല്‍ ഗാന്ധി മടങ്ങിയെത്തുകയും പ്രിയങ്ക സോണിയയുടെ അടുത്തേക്ക് തിരിക്കുകയും ചെയ്യും. തിരിച്ചെത്തിയ ശേഷം രാഹുല്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കും. തിങ്കളാഴ്ചയാണ് മഴക്കാല പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നത്.
ഇരുസഭകളിലും ഉന്നയിക്കേണ്ട വിഷയങ്ങളുമായി ബന്ധപ്പെട്ട് പാര്‍ലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പുമായി കൂടിക്കാഴ്ച നടത്തിയാണ് സോണിയാ ഗാന്ധി തിരിച്ചത്.മറ്റ് പ്രതിപക്ഷ കക്ഷികളുടെ പിന്തുണ തേടിയാണ് സര്‍ക്കാരിനെ നേരിടുക.
യാത്ര തിരിക്കുന്നതിന് മുമ്പ് സോണിയാഗാന്ധി പാര്‍ട്ടി സംഘടന തലത്തില്‍ അഴിച്ചു പണി നടത്തിയിരുന്നു. കത്തെഴുത്ത് വിവാദത്തിന് നേതൃത്വം നല്‍കിയ ഗുലാം നബി ആസാദിനെ ജനറല്‍ സെക്രട്ടറി പദത്തില്‍ നിന്ന് നീക്കി. മോത്തിലാല്‍ വോറ, അംബികാ സോണി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരെയും ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.