ഡെൽഹി പോലീസിന്റേത് കരുതികൂട്ടിയുള്ള രാഷ്ട്രീയ വേട്ടയാടൽ: സീതാറാം യെച്ചൂരി

ന്യൂഡെൽഹി: ഡെൽഹി പോലീസിന്റേത് കരുതികൂട്ടിയുള്ള രാഷ്ട്രീയ വേട്ടയാടൽ ആണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സീതാറാം യെച്ചൂരിയടക്കം ഒമ്പത് പേർ ദില്ലി കലാപത്തിലെ ഗൂഢാലോചനയിൽ പങ്കാളിയായെന്നാണ് കേസിൽ പൊലീസ് സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ പരാമർശിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് യെച്ചൂരിയുടെ പ്രതികരണം ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് പൊലീസിന്റെ നടപടി.

പോലീസിന്റെ വിശദീകരണം അംഗീകരിക്കാൻ ആവില്ല. ഭീമകൊറേ​ഗാവ് കേസിലും ഇതേ തന്ത്രമാണ് പ്രയോ​ഗിച്ചത്. കേസിൽ കുടുക്കാൻ ഇതേ തന്ത്രം മുൻപും പയറ്റിയിട്ടുണ്ട്. മൊഴിയിൽ പേരുകൾ ഉൾപ്പെടുത്തി പിന്നീട് കീഴ്‌ക്കോടതിയിൽ നിന്ന് പ്രതികളാക്കാനുള്ള ഉത്തരവ് സമ്പാദിക്കുകയാണ് തന്ത്രമെന്നും അദ്ദേഹം പറഞ്ഞു.

ജനകീയ സമരങ്ങളെ എങ്ങനെ കലാപവുമായി ബന്ധിപ്പിക്കാനാകും. വിദ്വേഷപ്രസം​ഗകരാണ് യഥാർത്ഥ കലാപകാരികൾ. വിദ്വേഷപ്രസം​ഗകർക്കെതിരെ എന്ത് നടപടിയെടുത്തു. ദില്ലി പൊലീസ് എന്താണ് ഇതുവരെ അന്വേഷിച്ചത്. കലാപങ്ങളുടെ കാര്യത്തിൽ കേന്ദ്രത്തിന്റെ സ്ഥിരം സമീപനമാണിതെന്നും യെച്ചൂരി പറഞ്ഞു.

പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട അസംതൃപ്തി പ്രകടിപ്പിക്കാൻ ഏതറ്റം വരെയും പോകാൻ സമരാനുകൂലികളോട് ഇവർ ആവശ്യപ്പെട്ടുവെന്നാണ് കുറ്റപത്രം പറയുന്നത്. പൗരത്വ ഭേദഗതി നിയമവും പൗരത്വ നിയമവും മുസ്ലിം വിരുദ്ധമാണെന്ന് പ്രചരിപ്പിക്കുകയും അതുവഴി ഇന്ത്യൻ സർക്കാറിൽ അവമതിപ്പുണ്ടാക്കാനുമുള്ള ശ്രമമുണ്ടായതായും അനുബന്ധ കുറ്റപത്രം പറയുന്നതായി റിപ്പോർട്ടിൽ പറയുന്നു.