ന്യൂഡെൽഹി: മെഡിക്കല്‍ പ്രവേശനത്തിനുളള നീറ്റ് പരീക്ഷ ഇന്ന് നടക്കും.15 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്.ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പരീക്ഷ.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എഴുപത്തിനാലായിരത്തി എണ്‍പത്തിമൂന്ന് കുട്ടികള്‍ ഇക്കുറി അധികമായി പരീക്ഷയെഴുതുന്നുണ്ട്. കേരളത്തില്‍ നിന്ന് 1,15,959 പേരാണ് പരീക്ഷ എഴുതുക.
കൊറോണ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകും പരീക്ഷ. പരീക്ഷ നീട്ടിവയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. നീറ്റ് പരീക്ഷ നടക്കുന്നതിനാല്‍ പഞ്ചാബില്‍ ഇന്ന് ലോക്ഡൗണുണ്ടാകില്ല. പശ്ചിമബംഗാള്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജമ്മുകശ്മീരില്‍ നിന്ന് 33357 കുട്ടികളാണ് ഇത്തവണ പരീക്ഷയ്ക്ക് അപേക്ഷിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും പരീക്ഷ നടത്തുന്നതിനെ എതിര്‍ത്തിരുന്നു.