തൃശ്ശൂർ: ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി ഇപി ജയരാജന്റെ മകനെതിരെ ആരോപണം ഉന്നയിച്ച് ബിജെപി. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപയിൽ കവിഞ്ഞുള്ള കമ്മീഷൻ ജയരാജന്റെ മകന്റെ കയ്യിലേക്ക് പോയതായാണ് വാർത്തകൾ വരുന്നത്. അന്വേഷണം വമ്പൻ സ്രാവുകളിലേക്കു നീങ്ങുന്നു എന്നതിനാലാണ് ഇതുവരെ അന്വേഷണത്തെ പിന്തുണച്ച സിപിഎം നിലപാട് മാറ്റുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ പറഞ്ഞു.
കെടി ജലീലിനെ കൂടാതെ ഈ പി ജയരാജന്റെ മകന്റെ പേരു ഉയർന്നു വരുന്നതും ഇതിനു കാരണമാണ്. അന്വേഷണം ശരിയായ ദിശയിൽ എന്നു പറഞ്ഞ മുഖ്യമന്ത്രിയുടെ പാർട്ടി ഇ ഡി യെ വിമർശിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.സിപിഎം സെക്രട്ടേറിയറ്റ് നടത്തിയ ആരോപണത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി നിലപാട് മാറ്റിയോ ? അന്വേഷണം രാഷ്ട്രീയ പ്രേരിതം എന്ന പാർട്ടി നിലപാടിനോട് മുഖ്യമന്ത്രി യോജിക്കുന്നുണ്ടോ ? കെടി ജലീലിനെ മാറ്റിയാൽ മന്തിസഭയിലെ ഒന്നോ രണ്ടോ അംഗങ്ങളെ കൂടി പുറത്താക്കേണ്ടി വരും. അതാണ് പിണറായി വിജയൻ ഭയപ്പെടുന്നതെന്ന് ബിജെപി ആരോപിച്ചു.
തിരുവനന്തപുരം സ്വർണക്കടത്തും ബെംഗളൂരു മയക്കു മരുന്നു കേസും പരസ്പരം ബന്ധപ്പെട്ടത് എന്നാണ് ബിജെപി നിലപാട്. സ്വപ്ന ആശുപത്രിയിൽ ഉള്ളപ്പോൾ നഴ്സ്മാരുടെ ഫോണിലൂടെ പലരെയും ബന്ധപ്പെട്ടിട്ടുണ്ട്. സർക്കാരിന്റെ സഹായത്തോടെയാണ് മെഡിക്കൽ കോളേജിൽ ഈ സൗകര്യം ലഭിച്ചതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.