ന്യൂഡെൽഹി: അടുത്ത വർഷം ആദ്യ പാദത്തിൽ കൊറോണ വാക്‌സിൻ ലഭ്യമാകുമെന്നാണ് കരുതുന്നതെന്നും മരുന്നിനെക്കുറിച്ച് ജനങ്ങളിൽ വിശ്വാസമുണ്ടാക്കാൻ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കാൻ താൻ തയ്യാറാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ പറഞ്ഞു. ഒരു ഓൺലൈൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണ പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ, മുതിർന്ന പൗരന്മാർ, രോഗസാധ്യത കൂടുതലുള്ള മറ്റു രോഗങ്ങളുള്ളവർ എന്നിവർക്കായിരിക്കും ആദ്യം വാക്‌സിൻ ലഭ്യമാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വാക്‌സിൻ എപ്പോൾ തയ്യാറാകുമെന്ന് കൃത്യമായി പറയാനാകില്ല. 2021ലെ ആദ്യ പാദത്തിൽ ലഭിക്കുമെന്നാണ് കരുതുന്നത്. മനുഷ്യരിൽ വാക്‌സിൻ പരീക്ഷണം നടത്തുന്നതിനുള്ള മുൻകരുതലുകൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഉത്പാദനം, വില, വിതരണം തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച് വിശദമായ ചർച്ച നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.