മന്ത്രി ജലീലിനെ വിമർശിച്ച് പ്രതിപക്ഷവും സമൂഹമാധ്യമങ്ങളും

തിരുവനന്തപുരം: എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്‍തതിന്‍റെ പശ്ചാത്തലത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെ വലിയ വിമര്‍ശനമാണ് പ്രതിപക്ഷം നടത്തുന്നത്.കൂടാതെ നിരവധിപേരാണ് അദ്ദേഹത്തിനെ വിമര്‍ശിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ പാർട്ടിയുടെ ‘ഇടപാടുകാരനായ’ മന്ത്രിയെ പിന്‍തുണച്ച്‌ സിപിഎം രംഗത്തെത്തിയിട്ടുണ്ട്. . ജലീലില്‍ നിന്ന് ഏജന്‍സി ചില വിവരങ്ങള്‍ തേടുക മാത്രമാണ് ചെയ്‍തതെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട്. കുറ്റം കോടതിയില്‍ തെളിയിക്കപ്പെടുമ്ബോള്‍ രാജി പരിഗണിക്കുമെന്നും നേതൃത്വം പ്രതികരിച്ചു.

ഇപ്പോള്‍ കെ ടി ജലീലിനെതീരെ പരിഹസിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് നടനും, സംവിധായകനുമായ ജോയി മാത്യു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പരിഹസിച്ചത്.

ജോയ് മാത്യൂവിന്‍റെ ഫേസ്ബുക് കുറിപ്പ് :

‘വിദ്യാര്‍ഥികള്‍ സാഹിത്യം കൈവശം വെക്കുന്നതാണോ അതോ അദ്ധ്യാപകന്‍ മത ഗ്രന്ഥം ഒളിച്ചു കടത്തുന്നതാണോ അതോ കൂടിക്കാഴ്ചയ്ക്ക് പോകുമ്ബോള്‍ തലയില്‍ മുണ്ടിട്ട് പോകുന്നതാണോ ഏതാണ് വിപ്ലവകരം’

വെള്ളിയാഴ്ച രാവിലെയാണ് കെടി ജലീലിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തത്. കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. നയതന്ത്ര മന്ത്രാലയം ബാഗേജുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍ എന്നാണ് വിവരം. യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങള്‍ സംസ്ഥാനത്തേക്ക് എത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രിയെ ചോദ്യം ചെയ്യുന്നതിന് കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റും തീരുമാനിച്ചത്

എന്നാല്‍ എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ ജലീലിന്‍റെ രാജി ആവശ്യപ്പെട്ടിരിക്കുകയാണ് പ്രതിപക്ഷം. ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് സംസ്ഥാന ചരിത്രത്തിലെ ആദ്യ സംഭവമെന്നും രാജി വയ്ക്കണമെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. ബിജെപിയും മന്ത്രിയുടെ രാജിക്കായി കടുപ്പിക്കുകയാണ്.