മലപ്പുറം: മന്ത്രി കെടി ജലീലിന്റെ രാജിക്കായി സംസ്ഥാനമെങ്ങും ശക്തമായ സമരങ്ങൾ നടക്കുന്നതിനിടെ മന്ത്രിയുടെ വസതിയിൽ എഴുത്തിനിരുത്തും ചോറൂണും. പുറത്ത് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം കത്തിക്കയറുന്നതിനിടെയാണ് നേരത്തെ നിശ്ചയിച്ച പ്രകാരം ചടങ്ങുകള്‍ നടന്നത്.
കാവുംപുറം പാതിരിക്കാട് സ്വര്‍ണപ്പണി ചെയ്യുന്ന രഞ്ജിത്ത് ഷിബില ദമ്പതികളുടെ മകന്‍ ആദം ഗുവേരയുടെ ചോറൂണിനും ഷാജി ശില്‍പ ദമ്പതികളുടെ മകള്‍ ഐശ്വര്യയുടെ എഴുത്തിനിരുത്തിനുമാണ് മന്ത്രി വസതി വേദിയായത്.
കുട്ടിക്ക് ആദം ഗുവേരയെന്ന പേര് തെരഞ്ഞെടുത്തത് മന്ത്രി കെടി ജലീലാണെന്ന് കുഞ്ഞിന്റെ മാതാപിതാക്കൾ പറഞ്ഞു. സജീവ സിപിഎം പ്രവർത്തകനാണ് രഞ്ജിത്ത്. സ്വർണ്ണക്കടത്ത് വിഷയത്തിൽ മന്ത്രി എൻഫോഴ്സ്മെന്റ് വിഭാഗം ചോദ്യം ചെയ്ത സാഹചര്യത്തിൽ പ്രതിപക്ഷ സംഘടനകൾ ശക്തമായ പ്രതിഷേധം നടത്തുന്നതിനിടെയാണ് ചോറൂണ് നടത്തിയത്.