ഡെൽഹി കലാപം; ഗൂഢാലോചനയിൽ സീതാറാം യെച്ചൂരിയ്ക്ക് പങ്കെന്ന് അനുബന്ധ കുറ്റപത്രം

ന്യൂഡെൽഹി: ഡെൽഹി കലാപത്തിൻ്റെ ഗൂഢാലോചനയിൽ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് പങ്കെന്ന് അനുബന്ധ കുറ്റപത്രം. കലാപത്തിൽ വിദ്യാർത്ഥികളെ പ്രകോപിപ്പിച്ച് പങ്കെടുപ്പിച്ചു എന്നാണ് കുറ്റപത്രത്തിലുള്ളത്.

തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ സീതാറാം യെച്ചൂരി തന്നെ ഇതിനോട് പ്രതികരിച്ചിട്ടുണ്ട്. ഡെൽഹി പൊലീസിനെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നിശബ്ദമാക്കാൻ കേന്ദ്രം ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറിച്ചു.

പ്രതിപക്ഷത്തിൻ്റെ പ്രതിഷേധങ്ങളെ ബിജെപി ഭയക്കുകയാണ്. ജനാധിപത്യത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. പൗരത്വ നിയമഭേദഗതിക്കെതിരായ സമരങ്ങളിൽ നിന്ന് പിന്നാക്കം പോവില്ലെന്നും അദ്ദേഹം പറയുന്നു.

യെച്ചൂരിക്കൊപ്പം സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡെൽഹി സർവകലാശാല പ്രൊഫ. അപൂർവാനന്ദ്, സംവിധായകൻ രാഹുൽ റോയ് എന്നിവരെയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇവർക്കെതിരെ കേസെടുത്തിട്ടില്ല. ഇവർ കലാപത്തിനു പ്രേരിപ്പിച്ചു എന്ന് അറസ്റ്റിലായ വിദ്യാർത്ഥികൾ പറഞ്ഞു എന്ന് കുറ്റപത്രത്തിൽ പറയുന്നു. നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്.