ന്യൂഡെൽഹി: നീറ്റ് പരീക്ഷയ്ക്ക് ഞായറാഴ്ച എത്താത്തവർക്ക് വീണ്ടും അവസരം നൽകില്ലെന്ന് സുപ്രീംകോടതി. ഞായറാഴ്ച എത്താൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് മറ്റൊരു അവസരം കൂടി നൽകണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. കൊറോണ വ്യാപനവും മരണസംഖ്യയും വർധിച്ചുകൊണ്ടിരിക്കെ സാമ്പ്രദായിക രീതിയിൽ നീറ്റ്-ജെഇഇ പരീക്ഷകൾ നടത്താനുള്ള തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികളും പ്രതിപക്ഷവും വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
കൊറോണ സാഹചര്യത്തിൽ പരീക്ഷ നടത്തുന്നതിനെതിരെ സോണിയഗാന്ധി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിൽ എടുത്ത തീരുമാനപ്രകാരമാണ് പ്രതിപക്ഷം ഭരിക്കുന്ന ഏഴു സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ വ്യക്തിപരമായി കോടതിയെ സമീപിച്ചത്.
നേരത്തെ, നീറ്റ് പരീക്ഷ നടത്താൻ അനുമതി നൽകിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളും സുപ്രീം കോടതി തള്ളിയിരുന്നു. നീറ്റ്-ജെഇഇ പരീക്ഷകൾ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട്, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍ നൽകിയ പുനപരിശോധന ഹർജികളാണ് ജസ്റ്റിസ് അശോക്ഭൂഷണിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തളളിയത്.
നീറ്റ്-ജെ.ഇ.ഇ പരീക്ഷകൾക്ക് നടത്താൻ ഓഗസ്റ്റ് 17ലെ വിധിയിലൂടെ സുപ്രീംകോടതി നേരത്തെ അനുമതി നൽകിയിരുന്നു. വിധി പുനഃപരിശോധിക്കേണ്ട പുതിയ സാഹചര്യങ്ങളില്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു. തുടർന്ന് ഈ മാസം ഒന്നാം തിയതി മുതൽ ആറാംതിയതി വരെ ജെഇഇ പരീക്ഷ നടന്നു.