ന്യൂഡെൽഹി: കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എൻആർഐ സീറ്റുകൾ വിദ്യാർത്ഥികളെ ലഭിക്കാതെ ഒഴിച്ചിടുകയോ മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റുകയോ ചെയ്യുന്ന സാഹചര്യമുണ്ടാകരുതെന്ന് സുപ്രീം കോടതി. കേരളത്തിൽനിന്ന് വിദ്യാർത്ഥികൾ ഇല്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള എൻആർഐ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടുന്നവർ ബാങ്ക് ഗ്യാരന്റി നൽകേണ്ടെന്ന് സംസ്ഥാന സർക്കാർ ഇത്തവണ ഉത്തരവിലൂടെ അറിയിച്ചിട്ടുണ്ടെന്ന് വിദ്യാർത്ഥികളുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ ബാങ്ക് ഗ്യാരന്റി ചോദ്യം ചെയ്തുള്ള ഹർജികളിൽ കോടതിയുടെ അന്തിമ തീർപ്പ് മാനേജ്മെന്റുകൾക്ക് അനുകൂലമാണെങ്കിൽ ഗ്യാരന്റി നൽകേണ്ടി വരുമെന്ന് വിദ്യാർത്ഥികളെ അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. സംസ്ഥാന സർക്കാരാണ് ഇക്കാര്യം അറിയിക്കേണ്ടത്. എന്നാൽ കോടതി അന്തിമ തീരുമാനമെടുക്കുന്നത് വരെ ഗ്യാരന്റി നൽകേണ്ടി വരില്ല.
സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ 15 ശതമാനം സീറ്റുകളാണ് എൻആർഐ വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി മാറ്റി വച്ചിരിക്കുന്നത്. ബാക്കി വരുന്ന 85 ശതമാനം സീറ്റുകളിൽ 15 ശതമാനം സീറ്റുകളിലേക്ക് മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രവേശനത്തിനായി അപേക്ഷ നൽകാവുന്നതാണന്ന് സുപ്രീം കോടതി കഴിഞ്ഞ വർഷം വ്യക്തമാക്കിയിരുന്നു.