നടി റിയ ചക്രബര്‍ത്തിയുടേയും സഹോദരൻ്റയും ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും

മുംബൈ: സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ റിയാ ചക്രബര്‍ത്തിയുടേയും സഹോദരന്‍ ഷൗവിക് ചക്രബര്‍ത്തിയുടേയും ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. നിരപരാധിയാണെന്നു വാദിച്ച റിയ, നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) നിര്‍ബന്ധിച്ചു കുറ്റസമ്മതം നടത്തിച്ചതാണെന്നു കോടതിയില്‍ ആരോപിച്ചു.

കെട്ടിച്ചമച്ച കഥയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ജാമ്യം അനുവദിക്കണമെന്നും നടിയുടെ അഭിഭാഷകന്‍ വാദിച്ചു. ചോദ്യം ചെയ്യുമ്പോള്‍ വനിതാ ഓഫിസര്‍മാരുണ്ടായിരുന്നില്ല.ലഹരി ഇടപാടുകരുമായി റിയയ്ക്ക് നേരിട്ട് ബന്ധമുള്ളതായി തെളിഞ്ഞിട്ടില്ലെന്നും പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത കഞ്ചാവിന്‍റെ അളവു പരിഗണിക്കുമ്ബോള്‍ ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് അഭിഭാഷകന്‍ വാദിച്ചു.

അന്തരിച്ച നടനും കാമുകനുമായ സുശാന്ത് സിങ് രാജ്പുത്തിന് ലഹരിമരുന്ന് എത്തിച്ചിരുന്നു എന്ന ആരോപണവും വിശദീകരിച്ചിട്ടില്ല.എന്നിട്ടും റിയ വലിയ ‘ലഹരി സിന്‍ഡിക്കേറ്റി’ന്റെ ഭാഗമാണെന്നു കുറ്റപ്പെടുത്തുകയാണെന്ന് അഭിഭാഷകന്‍ പറഞ്ഞു.

അതേസമയം ജാമ്യം നല്‍കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്ന് കാണിച്ച്‌ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അഭിഭാഷകന്‍ എതിര്‍ത്തു. റിയയുടെ സഹോദരന്‍ ഷോവിക്ക്, സുശാന്തിന്റെ വീട്ടുജോലിക്കാരന്‍ ദീപക് സാവന്ത് എന്നിവരടക്കം 4 പേരുടെ ജാമ്യാപേക്ഷയില്‍ കോടതി തീരുമാനം ഇന്നുണ്ടായേക്കും.