ന്യൂഡല്‍ഹി: വ്യോമസേനയ്ക്ക് ശക്തി പകര്‍ന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ സൈന്യത്തിന്റെ ഭാഗമായി. അബാലയില്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ സേനയുടെ ഭാഗമാക്കി മാറ്റുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ലോറൻസ് പാര്‍ലി, സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ആര്‍ കെ ഭദോരിയ, പ്രതിരോധമന്ത്രാലയ സെക്രട്ടറി അജയ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സര്‍വധര്‍മ്മപൂജയോടെയാണ് റഫാലിനെ സേനയുടെ ഭാഗമാക്കല്‍ ചടങ്ങ് ആരംഭിച്ചത്. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, സിഖ് പുരോഹിതന്മാര്‍ അംബാല എയര്‍ബേസില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുത്തു. ഫ്രാന്‍സില്‍ നിന്നും വാങ്ങിയ അഞ്ച് യുദ്ധവിമാനങ്ങളാണ് വ്യോമസേനയുടെ ആയുധശേഖരത്തിലേക്ക് കൈമാറുന്നത്.
റഫാൽ വിമാനങ്ങൾ സ്ക്വാഡ്രൺ 17 ഗോൾഡൻ ആരോസിന്റെ ഭാഗമാണ് ആകുന്നത്. റഫാൽ വിമാനത്തിന്റെ ആചാരപരമായ അനാച്ഛാദനത്തിന് ശേഷം, റഫാൽ തേജസ് വിമാനങ്ങളുടെ വ്യോമാഭ്യാസം എന്നിവ നടന്നു. തുടർന്ന് ഇന്ത്യയുടെയും ഫ്രാൻസിന്റെയും പ്രതിനിധി സംഘങ്ങൾ തമ്മിൽ ഉഭയകക്ഷി ചർച്ചയുണ്ടാകും. ജൂലൈ 29നാണ് അഞ്ച് വിമാനങ്ങൾ അടങ്ങിയ റാഫേൽ യുദ്ധ വിമാനങ്ങളുടെ ആദ്യ സംഘം ഇന്ത്യയിലെത്തിയത്.
മലയാളി ഗ്രൂപ്പ് ക്യാപ്റ്റൻ വിവേക് വിക്രം ഉൾപ്പടെ ഏഴംഗ വ്യോമസേന സംഘമാണ് ഫ്രാൻസിൽ നിന്ന് റഫാലുകൾ ഇന്ത്യയിൽ എത്തിച്ചത്. മിറാഷ് യുദ്ധ വിമാനങ്ങളേക്കാൾ ശേഷിയുള്ള റഫാലിന് രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താൻ കഴിയും. പറക്കലിൽ 25 ടൺ വരെ ഭാരം വഹിക്കാനാകും.59,000 കോടി രൂപയ്ക്കാണ് 36 വിമാനങ്ങൾ ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്നത്. റഫാൽ കൈമാറ്റചടങ്ങിൽ പങ്കെടുക്കാനെത്തിയ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങുമായി രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു.