ഹൈദരാബാദ്: ബിജെപി നേതാക്കളോടൊപ്പം നിരാഹാര സമരത്തിൽ പങ്കെടുത്ത് നടനും ജനസേന പാർട്ടി നേതാവുമായ പവൻ കല്യാൺ. ശ്രീ ലക്ഷ്മി നരസിംഹ ക്ഷേത്രത്തിലെ രഥം കത്തിച്ച സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു നിരാഹാര സമരം. രഥം കത്തിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. ഹൈദരാബാദിലെ വസതിയിൽ രാവിലെ 10 മുതലാണ് പവൻ കല്യാൺ നിരാഹാരമനുഷ്ടിച്ചത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ സോമു വിരാജും സമരത്തിൽ പങ്കെടുത്തു. കുറ്റവാളികളെ പിടികൂടും വരെ സമരം തുടരുമെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു. അന്ദർവേദി ക്ഷേത്രത്തിലെ രഥം കത്തിച്ചത് ഹിന്ദുക്കളുടെ വികാരത്തിന് മുറിവേൽപ്പിച്ചെന്നും നിരവധി സംഭവങ്ങൾ മുമ്പുമുണ്ടായെന്നും മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കണ്ണ ലക്ഷ്മിനാരായണ ആരോപിച്ചു. വൈഎസ്ആർ വിമത എംപിയും സമരത്തിൽ പങ്കെടുത്തു.
ഈസ്റ്റ് ഗോദാവരി ജില്ലയിലെ ക്ഷേത്രത്തിലെ രഥമാണ് ചിലർ കഴിഞ്ഞ ദിവസം കത്തിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപിയും ജനസേനയും ധർമ്മ പരിരക്ഷൻ ദീക്ഷ എന്ന പേരിൽ 11 മണിക്കൂർ നീണ്ട സംയുക്ത നിരാഹാരം സംഘടിപ്പിച്ചു.
ആന്ധ്രപ്രദേശിൽ ജഗൻ മോഹൻ റെഡ്ഡിയുടെ ഭരണത്തിൽ ഹിന്ദു ആരാധനാലയങ്ങൾക്ക് നേരെ അക്രമം വർധിക്കുകയാണെന്ന് പവൻ കല്യാൺ ആരോപിച്ചു. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.