തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് മാറ്റിവച്ച പൈങ്കുനി ഉത്സവത്തിന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇന്ന് തൃകൊടിയേറ്റോടെ തുടക്കമാകും. 18ന് പള്ളിവേട്ടയും 19ന് ആറാട്ടും നടത്തും. എന്നാല്‍ രാജഭരണകാലം മുതല്‍ ശംഖുംമുഖത്തേക്ക് നടത്തിയിരുന്ന പതിവ് ആറാട്ട് ഘോഷയാത്ര ഇക്കുറി ഉണ്ടാകില്ല.
പദ്മതീര്‍ത്ഥക്കുളത്തിലാണ് ഇത്തവണ ആറാട്ട്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ 43 പേരെ മാത്രം ആറാട്ട് ചടങ്ങുകളില്‍ പങ്കെടുപ്പിക്കാനാണ് തീരുമാനം.മാര്‍ച്ച് 30ന് ആരംഭിക്കേണ്ട പൈങ്കുനി ഉത്സവമാണ് മാറ്റിവച്ചത്.
വര്‍ഷത്തില്‍ രണ്ട് ഉത്സവങ്ങളാണ് ക്ഷേത്രത്തില്‍ നടക്കുന്നത്. ഇതില്‍ അല്‍പ്പശി ഉത്സവം ഒക്ടോബര്‍ 15ന് ആരംഭിക്കേണ്ടതാണ്.അതിന് മുന്‍പ് പൈങ്കുനി ഉത്സവം നടത്തണമെന്നും ചടങ്ങുകള്‍ മാത്രമായി പരിമിതപ്പെടുത്താമെന്നും തന്ത്രി തരണനല്ലൂര്‍ നമ്ബൂതിരിപ്പാട് കത്തെഴുതിയിരുന്നു. തുടര്‍ന്നാണ് പൈങ്കുനി ഉത്സവം ചടങ്ങുകളോടെ നടത്താനും ഒക്ടോബറില്‍ വരുന്ന അല്‍പ്പശി ഉത്സവം രോഗവ്യാപനത്തിന്റെ തോത് അനുസരിച്ച് നീട്ടാനും തീരുമാനിച്ചത്.ഓരോ ഉത്സവത്തിനുമൊപ്പം സമീപത്തെ നാലു ദേവസ്വങ്ങളിലെ ആറാട്ട് കൂടി ശംഖുംമുഖത്ത് നടക്കാറുണ്ട്.
നിരവധി ഭക്തര്‍ പങ്കെടുക്കുന്ന ഘോഷയാത്ര കടന്നു പോകാനായി തിരുവനന്തപുരം വിമാനത്താവളം തുറന്നു കൊടുക്കുന്ന അപൂര്‍വതയും ഇവിടത്തെ ഉത്സവത്തിനുണ്ട്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി (മീനം) ഉത്സവം മുടങ്ങിയതിനെ തുടര്‍ന്ന് കൂടിയാറാട്ട് പതിവുള്ള മറ്റ് നാല് ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും മാറ്റിവച്ചിരുന്നു. പദ്മതീര്‍ത്ഥ കുളത്തില്‍ ആറാട്ട് നടത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ശ്രീവരാഹം ഉള്‍പ്പെടെ നാലുക്ഷേത്രങ്ങളിലെ കൂടിയാറാട്ടും പദ്മതീര്‍ത്ഥത്തില്‍ നടത്തും.