കോട്ടയം: ആംബുലൻസിൽ ഡ്രൈവറുടെ പീഡനത്തിനിരയായ കൊറോണ ബാധിച്ച പെൺകുട്ടി മാനസിക വിഷമത്തിൽ നിന്ന് മുക്തയായില്ല. പെൺകുട്ടിക്ക് വിദഗ്ധ ചികിൽസയും കൗൺസിലിംഗും ലഭ്യമാക്കുന്നുണ്ട്. എന്നാൽ കൊടിയ പീഡനത്തിൻ്റെ ഞെട്ടലിൽ നിന്ന് പെൺകുട്ടി മുക്തയായിട്ടില്ല.
അതേസമയം പീഡിപ്പിക്കാൻ ആംബുലൻസ് ഡ്രൈവർ നൗഫൽ ആസൂത്രിത നീക്കം നടത്തിയതായി പൊലീസ് പറയുന്നു. പെൺകുട്ടിയുടെ പരിക്കുകൾ ഗുരുതരമാണെന്നും സ്വകാര്യ ഭാഗങ്ങളിൽ ക്ഷതമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പിടിവലിയിൽ പെൺകുട്ടി മുട്ടിടിച്ചു വീണു. ശാരീരികമായും മാനസികമായും അവശയായ പെൺകുട്ടി മൊഴി നൽകാവുന്ന സ്ഥിതിയിലല്ലെന്നും പൊലീസ് അറിയിച്ചു.
പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിനും നൗഫലിനെതിരെ കേസെടുത്തിട്ടുണ്ട്. അടൂരിൽ നിന്ന് ആംബുലൻസിൽ കയറ്റിയ പെൺകുട്ടിയെ അടുത്തുള്ള പന്തളം അർച്ചന ഫസ്റ്റ് ലൈൻ പരിശോധനാ കേന്ദ്രത്തിൽ ഇറക്കാതെ കോഴഞ്ചേരിക്ക് കൊണ്ടു പോയതാണ് തട്ടിക്കൊണ്ടു പോകലിന്റെ പരിധിയിൽ വരുന്നത്.
കോഴഞ്ചേരിയിലേക്ക് വേഗത്തിൽ ഓടിച്ചെത്തിയ ആംബുലൻസ് പന്തളത്തേക്ക് മടങ്ങുമ്പോൾ വേഗം കുറച്ചാണ് സഞ്ചരിച്ചത്. യാത്രയിലുടനീളം പെൺകുട്ടിയുമായി ലൈംഗിക ചുവയോടെയുള്ള സംസാരത്തിലായിരുന്നു പ്രതി. വിമാനത്താവളത്തിനായി നേരത്തെ എടുത്ത സ്ഥലത്തേക്ക് ആംബുലൻസ് ഓടിച്ചു കയറ്റിയ ശേഷം പ്രതി പുറത്തിറങ്ങി, പിൻവശത്തെ വാതിൽ തുറന്ന് പെൺകുട്ടിയുടെ അടുത്തേക്ക് എത്തി. പിന്നിലെ ഡോറിലൂടെ ഉള്ളിൽ കടന്ന പ്രതി അകത്ത് നിന്ന് വാതിൽ കുറ്റിയിട്ടു. ഇത് കണ്ടതോടെ പെൺകുട്ടി ഭയപ്പെട്ട് നിലവിളിച്ചു. ഉപദ്രവിക്കുന്നതിനിടയിൽ നടന്ന പിടിവലിയിലാണ് പെൺകുട്ടി മുട്ടിടിച്ചു നിലത്തു വീണത്.
ആംബുലൻസിന്റെ ഗ്ലോബൽ പൊസിഷൻ സംവിധാനം (ജിപിഎസ്) പ്രവർത്തിച്ചിരുന്നില്ലെന്ന മോട്ടർ വാഹന വകുപ്പിന്റെ വാദം പൊലീസ് തള്ളി. ജിപിഎസിലെ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചതായി ജില്ലാ പൊലീസ് മേധാവി കെജി സൈമൺ പറഞ്ഞു.
എന്നാൽ ആംബുലൻസുകൾക്ക് ജിപിഎസ് നിർബന്ധമില്ലെന്നും പെർമിറ്റ് വാഹനത്തിനു മാത്രം മതിയെന്നാണ് നിയമമെന്നും പത്തനംതിട്ട ആർടിഒ ജിജി ജോർജ് പറഞ്ഞു. സംഭവം നടന്ന ആംബുലൻസ് മോട്ടർ വാഹന വകുപ്പ് പരിശോധിച്ചിട്ടില്ലെന്നും പൊലീസ് ആവശ്യപ്പെട്ടാൽ വിശദ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആംബുലൻസ് ഡ്രൈവർക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നതും പരിശോധിക്കുന്നുണ്ട്. 108 ആംബുലൻസിന്റെ നടത്തിപ്പ് കമ്പനി പ്രതിനിധികൾ നൗഫലിന്റെ നിയമനവുമായി ബന്ധപ്പെട്ട രേഖകൾ പൊലീസിനു കൈമാറി. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് പലവട്ടം ആവശ്യപ്പെട്ടിട്ടും നൗഫൽ ഹാജരാക്കിയില്ലെന്നാണ് കമ്പനിയുടെ വിശദീകരണം.