മുംബൈ: മുബൈയിലെ ഓഫീസ് ബിഎംസി അധികൃതർ പൊളിച്ചു നീക്കിയതിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വെല്ലുവിളിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത് രംഗത്ത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോയിൽ നടി രൂക്ഷമായാണ് പ്രതികരിച്ചിരിക്കുന്നത്. വിഡിയോയിൽ ഉടനീളം മുഖ്യമന്ത്രിയെ നീ എന്നാണ് കങ്കണ സംബോധന ചെയ്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
മഹാരാഷ്ട്ര സർക്കാർ സിനിമാ മാഫിയയുമായി ചേർന്ന് തന്നോട് പ്രതികാരം ചെയ്യുകയാണെന്നാണ് കങ്കണയുടെ ആരോപണം. ‘ഉദ്ധവ് താക്കറെ എന്താണ് കരുതിയത്? ഫിലിം മാഫിയക്കൊപ്പം ചേർന്ന് എൻ്റെ വീട് പൊളിച്ചു നീക്കി എന്നോട് പ്രതികാരം ചെയ്‌തെന്നോ? ‘ഇന്ന് നീ എൻ്റെ വീട് പൊളിച്ചു. നാളെ നിൻ്റെ ധാർഷ്ട്യവും ഇതുപോലെ തകരും’ കങ്കണ പുറത്തിറക്കിയ വീഡിയോയിൽ പറയുന്നു.
അയോധ്യയെക്കുറിച്ച് മാത്രമല്ല, കശ്മീരിനെക്കുറിച്ചും ഒരു സിനിമ ചെയ്യുമെന്ന് ഞാൻ രാജ്യത്തിന് ഉറപ്പു നൽകുന്നു,’ കങ്കണ വിഡിയോയിൽ പറഞ്ഞു. അതേസമയം ബിഎംസിക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് കങ്കണയുടെ അഭിഭാഷകൻ റിസ്വാൻ സിദ്ദിഖി അറിയിച്ചു.
സുശാന്ത് സിംഗ് രാജ്പുത്തിൻറെ മരണവുമായി ബന്ധപ്പെട്ടാണു കങ്കണയും മഹാരാഷ്ട്ര സർക്കാരും തമ്മിൽ പോര് ഉടലെടുത്തത്. നടിയുടെ ബംഗ്ലാവിനോട് ചേർന്നുള്ള അനധികൃത നിർമാണം മുംബൈ കോർപ്പറേഷൻ ഇന്ന് ഇടിച്ചുനിരത്തിയിരുന്നു. കങ്കണയുടെ ഹർജിയിൽ, കെട്ടിടം പൊളിക്കുന്നതു മുംബൈ ഹൈകോടതി സ്റ്റേ ചെയ്തതിനെ തുടർന്ന് പൊളിക്കൽ നടപടികൾ നിർത്തിവച്ചു.