അടുത്ത മഹാമാരി നേരിടാൻ ലോകരാജ്യങ്ങള്‍ തയ്യാറാകുക: ലോകാരോഗ്യ സംഘടന

ജനീവ : അടുത്ത മഹാമാരിക്കായി ലോകരാജ്യങ്ങള്‍ കൂടുതല്‍ തയ്യാറാകണമെന്നു ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. പൊതുജനരോഗ്യത്തില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ടെഡ്രോസ് ആവശ്യപ്പെട്ടു. ജനീവയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘ഇത് അവസാനത്തെ മഹാമാരി ആയിരിക്കില്ല’, ടെഡ്രോസ് ചൂണ്ടിക്കാട്ടി. ‘ചരിത്രം പഠിപ്പിക്കുന്നത് പകര്‍ച്ചവ്യാധികളും മറ്റും ജീവിതത്തിൻ്റെ ഒരു യാഥാര്‍ഥ്യമാണെന്നാണ്. എന്നാല്‍ അടുത്ത മഹാമാരി വരുമ്പോള്‍ ലോകം കൂടുതല്‍ തയ്യാറായി ഇരിക്കണം. ഇപ്പോഴെത്തെക്കാള്‍ കൂടുതല്‍ തയ്യാറെടുപ്പ് വേണം’, ടെഡ്രോസ് പറഞ്ഞു.

ചൈനയില്‍ കഴിഞ്ഞ ഡിസംബറില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ ഇന്ന് ലോകമെമ്പാടും 2.74 കോടി ആളുകളെയാണ് ബാധിച്ചിട്ടുള്ളത്. ഇതില്‍ 1.95 കോടി പേര്‍ രോഗവിമുക്തി നേടി. നിലവില്‍ 70 ലക്ഷത്തിലേറെ പേരാണ് ചികിത്സയില്‍ കഴിയുന്നത്.