ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം; വെടിവയ്പ്; ചൈനയുടെ നുഴഞ്ഞുകയറ്റത്തിന് തിരിച്ചടി

ലഡാക്ക് : ഇന്ത്യയിലേക്ക് അതിക്രമിച്ച് കടക്കാനുള്ള ചൈനയുടെ ശ്രമം തടഞ്ഞതോടെ ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ വെടിവെയ്പ് നടന്നതായി റിപ്പോര്‍ട്ടുണ്ട്. ഇരു രാജ്യങ്ങളുടെയും സൈനികര്‍ മൂന്നുമാസത്തിലേറെയായി നിലകൊള്ളുന്ന അതിര്‍ത്തി പ്രദേശത്താണ് വെടിവെയ്പ് നടന്നത്.

ഇന്ത്യയാണ് ആദ്യം വെടിവെച്ചതെന്നും, പ്രകോപനമുണ്ടാക്കിയതെന്നും ചൈന ആരോപിച്ചു. തുടര്‍ന്ന് ശക്തമായി തിരിച്ചടിച്ചെന്ന് ചൈനീസ് വേസ്റ്റേണ്‍ കമാന്‍ഡ് വ്യക്തമാക്കി. ഇന്ത്യന്‍ സൈന്യം യഥാര്‍ത്ഥ നിയന്ത്രണ രേഖ മുറിച്ചു കടന്നു. ഉചിതമായ മറുപടി നല്‍കിയെന്നും ചൈന അഭിപ്രായപ്പെട്ടു.

ഇരുരാജ്യങ്ങളും പാംഗോഗ് തീരത്തെ നിയന്ത്രണരേഖക്ക് സമീപം സൈനിക ശക്തി വർധിപ്പിച്ചിട്ടുണ്ട്. വൻ ആയുധ ശേഖരവും ഇവിടെ എത്തിച്ചിട്ടുണ്ട്. ഫിംഗർ ഏരിയ ഉൾപ്പെടെ ഒന്നിലധികം പ്രദേശങ്ങളിൽ ചൈനീസ് സൈന്യം നടത്തിയ അതിക്രമങ്ങളെച്ചൊല്ലി ഇന്ത്യയും ചൈനയും ഏപ്രിൽ-മെയ് മുതൽ ഏറ്റുമുട്ടലിലാണ്.

ജൂണിൽ ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിനെ തുടർന്ന് സ്ഥിതി കൂടുതൽ വഷളായി. കഴിഞ്ഞ ദിവസങ്ങളിൽ ലഡാക്കിൽ തങ്ങിയ കരസേന മേധാവി ജനറൽ എം എം നരവനെ സൈനിക വിന്യാസം നേരിട്ട് വിലയിരുത്തിയിരുന്നു.