മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് കന്നഡ നടി സഞ്ജന ഗൽറാണിയെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

ബംഗളൂരു: മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് കന്നഡ നടി സഞ്ജന ഗൽറാണിയെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇന്ദിരാ നഗറിലെ ഇവരുടെ വീട്ടിൽ നടന്ന റെയ്ഡിനൊടുവിലായിരുന്നു അറസ്റ്റ്. ചോദ്യം ചെയ്യലിനായി ഇവരെ സിസിബി ഓഫീസിലേക്ക് കൊണ്ട് പോയി.
രാവിലെ ഏഴു മണിയോടെയാണ് കോടതിയിൽ നിന്നുമുള്ള സർച്ച് വാറണ്ടുമായി നടിയുടെ വീട്ടിൽ റെയ്ഡ് ഡിന് എത്തിയതെന്ന് ബെംഗളൂരു പോലീസ് ജോ. കമ്മീഷണർ സന്ദീപ് പാട്ടിൽ അറിയിച്ചു.

നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും സഞ്ജന ഹാജരായിരുന്നില്ല. സ്ഥലത്ത് ഇല്ലെന്നാണ് ഇവർ അറിയിച്ചിരുന്നത്. ഇന്ന് ബംഗളൂരുവിൽ എത്തിയിട്ടുണ്ട് എന്ന വിവരത്തെ തുടർന്നാണ് ഇവരുടെ വസതിയിൽ പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്യവസായി രാഹുല്‍ ഷെട്ടിയുമായി സഞ്ജനയ്ക്കും നടി രാഗിണി ദ്വിവേദിക്കും ബന്ധമുണ്ടെന്ന് അന്വേഷണം സംഘം വ്യക്തമാക്കിയിരുന്നു.

രാഹുല്‍ ഷെട്ടിക്കൊപ്പം സഞ്ജന നിശാപാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
മലയാളിയായ നിയാസ് മുഹമ്മദടക്കം ആറു പേരെയാണ് ഇതുവരെ കേസിൽ അറസ്റ്റ് ചെയ്തത്.

കേസിൽ നടി രാഗിണി ദ്വിവേദിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. രാഗിണിയെ അഞ്ചുദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സ്വർണക്കടത്ത് കേസിലെ ആറു പ്രതികളെ ജയിലിൽ ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി ലഭിച്ചിരുന്നു.