മഞ്ചേശ്വരം: ജ്വല്ലറി നിക്ഷേപ തട്ടിപ്പുകേസില്‍ മുസ്ലീം ലീഗ് നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എം.സി കമറുദീന്‍ എംഎല്‍എയുടെ വീട്ടില്‍ പോലീസ് പരിശോധന. താൻ ചെയര്‍മാനായ ജ്വല്ലറിയുടെ പേരിൽ നിക്ഷേപങ്ങൾ സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ലഭിച്ച പരാതികൾ സംബന്ധിച്ച അന്വേഷനം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് നടപടി. കേസ് ക്രൈംബ്രാഞ്ചിന് നല്‍കുന്നതിന് മുന്നോടിയായി വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് എംഎല്‍എയുടെ വീട്ടില്‍ പരിശോധന നടത്തിയത്.
ചന്തേര സിഐയുടെ നേതൃത്വത്തിലാണ് എംഎല്‍എയുടെ പടന്ന എടച്ചാക്കൈയിലുള്ള വീട്ടില്‍ പരിശോധന നടന്നത്. ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷ്ണലിന്റെ മാനേജിങ് ഡയറക്ടറും കേസുകളിൽ ആരോപണ വിധേയനുമായ പൂക്കോയ തങ്ങളുടെ തൃക്കരിപ്പൂരിലെ വീട്ടിലും പരിശോധന നടന്നു. ഇരുവരുടെയും കുടുംബാംഗങ്ങൾ മാത്രമേ പരിശോധനാ സമയത്ത് വീട്ടിലുണ്ടായിരുന്നുള്ളു.
പോലീസ് നടപടിയിൽ രേഖകളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ട്. ചന്ദേര സിഐ പി. നാരായണന്റെ നേതൃത്വത്തിൽ രാവിലെയായിരുന്നു പരിശോധന. നിക്ഷേപ തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട്കാസറഗോഡ് ചന്തേര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 11 കേസുകൾ, ടൗൺ സ്റ്റേഷനിൽ ലഭിച്ച അഞ്ച് പരാതികൾ എന്നിവയാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുക.
മുസ്ലീംലീഗ് പ്രാദേശിക നേതാവടക്കമാണ് ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എം സി കമറുദ്ദീൻ ചെയർമാനുമായ ഫാഷൻ ഗോൾഡ് ഉടമകൾക്കൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.