ന്യൂഡെല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ക്കായി രൂപം കൊടുത്ത സമിതികളില്‍ നിന്നും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കത്തു നല്‍കിയവരെ ഒഴിവാക്കി. ഏഴ് സമിതികളെയാണ് യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി പ്രഖ്യാപിച്ചത്. ഇതില്‍ കോണ്‍ഗ്രസില്‍ പരിഷ്‌കരണം വേണമെന്നും പൂര്‍ണസമയ അധ്യക്ഷന്‍ വേണമെന്നും ആവശ്യപ്പെട്ട് കത്തയച്ച നേതാക്കളെ പരിഗണിച്ചില്ല.
കത്തില്‍ ഒപ്പുവെച്ച 23 നേതാക്കളില്‍ ഉള്‍പ്പെടുന്ന യുപിയിലെ നേതാക്കളായ ജിതിന്‍ പ്രസാദ, രാജ് ബബ്ബര്‍ എന്നിവരെ ഒരു സമിതിയിലേക്കും പരിഗണിച്ചില്ല. എഐസിസി പ്രവര്‍ത്തകസമിതി പ്രത്യേക ക്ഷണിതാവാണ് ജിതിന്‍ പ്രസാദ. യുപി മുന്‍ പിസിസി അധ്യക്ഷനാണ് രാജ് ബബ്ബര്‍. യുപിയിലെ മറ്റൊരു പ്രമുഖ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ആര്‍പിഎന്‍ സിങിനേയും പരിഗണിച്ചില്ല.
ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച് പാര്‍ട്ടി നിലപാടിനെതിരെ ഒരു യോഗത്തില്‍ എതിര്‍ത്തു സംസാരിച്ചതാണ് സിങിനെ ഒഴിവാക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ചയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തെരഞ്ഞെടുപ്പ് സമിതികള്‍ പ്രഖ്യാപിച്ചത്. പ്രിയങ്കയുമായി അടുപ്പമുള്ള നിരവധി പേര്‍ സമിതികളില്‍ ഇടംപിടിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രകടനപത്രിക, മെമ്പര്‍ഷിപ്പ്, മീഡിയ, പരിപാടികള്‍ നടപ്പാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സമിതികളാണ് രൂപീകരിച്ചിട്ടുള്ളത്. മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ നേതൃത്വത്തിലാണ് പ്രകടനപത്രിക സമിതി, റാഷിദ് ആല്‍വിയുടെ നേതൃത്വത്തിലാണ് മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഉപദേശക സമിതി. അനുരാഗ് നാരായണ്‍ സിങിന്റെ നേതൃത്വത്തിലുള്ള മെമ്പര്‍ഷിപ്പ് സമിതി, പഞ്ചായത്ത് രാജ് തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് രാജേഷ് മിശ്ര നേതൃത്വം നല്‍കുന്നു. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ്കുമാര്‍ ലല്ലു എല്ലാ സമിതികളുടേയും മേല്‍നോട്ടം വഹിക്കും.
മാനിഫെസ്‌റ്റോ കമ്മിറ്റി ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലും സന്ദര്‍ശനം നടത്തും. ഓരോ ജില്ലയിലേയും പ്രശ്‌നങ്ങളും ആവശ്യകതയും പഠിച്ച്, അതുള്‍ക്കൊള്ളിച്ചാകും പ്രകടനപത്രിക തയ്യാറാക്കുക. തെരഞ്ഞെടുപ്പിന് എട്ട് മാസം മുമ്പെങ്കിലും പ്രകടന പത്രിക പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. ഉദ്ദേശ്യശുദ്ധിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും, പാര്‍ട്ടി നന്നാകുക എന്നത് മാത്രമാണ് ലക്ഷ്യമിട്ടതെന്നും, കത്തില്‍ ഒപ്പുവെച്ച കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി എംപി അഭിപ്രായപ്പെട്ടു.