മുംബൈ: സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള മയക്കുമരുന്ന് കേസന്വേഷണത്തില്‍ നടിയും സുശാന്തിന്റെ കാമുകിയുമായ റിയ ചക്രവര്‍ത്തി കുറ്റസമ്മതം നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് മുന്നില്‍ ഇന്നലെ ചോദ്യം ചെയ്യലിനായി ഹാജരായപ്പോഴാണ് റിയ കുറ്റസമ്മതം നടത്തിയതെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാൽ താനുമായി അടുപ്പത്തിൽ ആവുന്നതിന് മുൻപും സുശാന്ത് ലഹരി മരുന്ന് ഉപയോഗിക്കാറുണ്ടയിരുന്നുവെന്ന് റിയ മൊഴി നൽകിയിട്ടുണ്ട്. 2016ല്‍ കേദാര്‍നാഥ് സിനിമയുടെ സെറ്റില്‍ ചരസ് ഉപയോഗിച്ചെന്ന് സുശാന്ത് പറഞ്ഞുവെന്നും റിയ മൊഴി നൽകി. ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നാണ് നടിയുടെ മൊഴി. ഇത് അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.
സുശാന്തിന് ലഹരി മരുന്ന് ലഭിച്ചിരുന്നെന്ന് അറിയാമായിരുന്നുവെന്ന് റിയ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. തന്റെ സഹോദരന്‍ ഷോവിക്ക് ചക്രവര്‍ത്തിക്കും സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡയ്ക്കും മയക്കുമരുന്നു കടത്തുകാരുമായി ബന്ധമുണ്ടായിരുന്നെന്നും അവര്‍ക്ക് എവിടെ നിന്ന് എങ്ങനെ മരുന്നുകള്‍ ലഭിക്കുന്നു എന്നതടക്കമുളള വിവരങ്ങള്‍ തനിക്കറിയാമായിരിന്നുവെന്നും റിയ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
മാര്‍ച്ച് 17 മുതല്‍ സാമുവല്‍ മിറാന്‍ഡ മയക്കുമരുന്ന് ഡീലര്‍ സയിദില്‍ നിന്ന് ഡ്രഗ്സ് വാങ്ങിയതായും താരം സമ്മതിച്ചിട്ടുണ്ട്. നേരത്തേ നടത്തിയ ഡ്രഗ് ചാറ്റുകളെല്ലാം ശരിയാണെന്നും സഹോദരന്‍ വഴിയാണ് സുശാന്തിന് മരുന്നുകള്‍ എത്തിച്ചതെന്നും റിയ പറഞ്ഞെന്നാണ് വിവരം.
ഇതോടൊപ്പം അറസ്റ്റിലായ ഡ്രഗ് ഡീലര്‍ ബാഷിതില്‍ നിന്നും ഷോവിക്ക് മരുന്ന് വാങ്ങിയിരുന്നതായും ഇയാള്‍ ഒരു തവണ തങ്ങളുടെ വീട്ടില്‍ വന്നിരുന്നതായും നടി സമ്മതിച്ചു. ഷോവിക്കിനെയും മിറാന്‍ഡയെയും വെള്ളിയാഴ്ച നര്‍ക്കോട്ടിക്സ് ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ സുശാന്തിന്റെ പാചകക്കാരന്‍ ദീപേഷ് സാവന്തിനെയും അറസ്റ്റ് ചെയ്തു. ദീപേഷ് മയക്കുമരുന്ന് മരുന്ന് സംഘത്തിലെ പ്രധാനിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയതും പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ റിയയ്ക്ക് സമന്‍സ് നല്‍കിയതും.
അടുത്ത ദിവസവും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നടിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലഹരി മരുന്ന് സ്വയം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങള്‍ നല്‍കാത്തതിനാലാണ് റിയയോട് ഇന്നും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതില്‍ വ്യക്തത വന്നാല്‍ പിന്നാലെ അറസ്റ്റുണ്ടായേക്കും. ഷോവിക്കിനെയും മിറാന്‍ഡയെയും സെപ്തംബര്‍ ഒന്‍പതു വരെ എന്‍.സി.ബി.യുടെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്നു.