കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒളിവിൽ പോയ പ്രതിശ്രുത വരൻ അറസ്റ്റിൽ

കൊല്ലം: കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒളിവിൽ പോയ പ്രതിശ്രുത വരൻ അറസ്റ്റിൽ. പള്ളിമുക്ക് സ്വദേശിയും സീരിയൽ താരം ലക്ഷ്മി പ്രമോദിന്റെ ഭർതൃ സഹോദരനുമായ ഹാരിഷ് മുഹമ്മിദിനെയാണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടിയം സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് കൊട്ടിയം കൊട്ടുംപുറം പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ഇരവിപുരം വാളത്തുംഗൽ വാഴക്കൂട്ടത്തിൽ പടിഞ്ഞാറ്റതിൽ റഹീമിന്റെ മകൾ റംസി(24) വീടിനുള്ളിൽ തൂങ്ങി മരിച്ചത്. പള്ളിമുക്ക് സ്വദേശിയും സീരിയൽതാരം ലക്ഷ്മിപ്രമോദിന്റെ ഭർതൃ സഹോദരനുമായ ഹാരിഷ് മുഹമ്മദാണ് വിവാഹത്തിൽ നിന്നും പിന്മാറിയത്. ഇതിന്റെ മനോ വിഷമത്തിലാണ് റംസി ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ 10 വർഷമായി റംസിയും ഹാരിഷും പ്രണയത്തിലായിരുന്നു. പ്ലസ്ടു കഴിഞ്ഞ് പള്ളിമുക്കിലെ കംപ്യൂട്ടർ സെന്ററിൽ പഠിക്കാൻ പോകുമ്പോഴാണ് ഹാരിഷ് റംസിയുമായി പരിചയത്തിലാവുകയും പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്തത്. ഇതിനിടയിൽ ഹാരിഷ് റംസിയുടെ പിതാവ് റഹീമിനെ കണ്ട് തനിക്ക് വിവാഹം കഴിച്ച് നൽകണമെന്നും പറഞ്ഞിരുന്നു. പഠിച്ചു കൊണ്ടിരിക്കുന്നതിനാൽ അത് കഴിഞ്ഞതിന് ശേഷം വിവാഹത്തെകുറിച്ച് ചിന്തിക്കാമെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു.

പിന്നീട് ഹാരിഷ് മിക്കപ്പോഴും റംസിയുടെ വീട്ടിലെത്തി കുടുംബാഗങ്ങളുമായി സംസാരിക്കുക പതിവായി. വീട്ടുകാർക്ക് എതിർപ്പില്ലാത്തതിനാൽ റംസി ഹാരിഷുമായി കൂടുതൽ അടുത്തു. ഇതിനിടയിൽ റംസിയുടെ അനുജത്തിക്ക് വിവാഹാലോചന വന്നു. അങ്ങനെ വിവാഹം ഉടൻ നടത്തണമെന്ന് റംസിയുടെ വീട്ടുകാർ ഹാരിഷിന്റെ വീട്ടുകാരോട് പറഞ്ഞു. ഹാരിഷ് ഒരു കാർ വർക്ക് ഷോപ്പ് തുടങ്ങാൻ ആലോചിക്കുന്നുണ്ട്, അത് പൂർത്തിയാക്കിയതിന് ശേഷം വിവാഹം നടത്താമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ അനുജത്തിയുടെ വിവാഹം ഉടൻ നടത്തേണ്ടതായിട്ടുള്ളതിനാൽ നിക്കാഹ് നടത്തണമെന്ന് റംസിയുടെ വീട്ടുകാർ പറഞ്ഞു. ഇതിനെ തുടർന്ന് ബന്ധുക്കളെല്ലാം ചേർന്ന് വളയിടീൽ ചടങ്ങ് നടത്തി. ചടങ്ങിൽ സ്ത്രീധനമായി നല്ലൊരു തുകയും നൽകി.

വർക്ക്‌ഷോപ്പ് ആരംഭിക്കുന്നതിനുള്ള താമസം പറഞ്ഞ് ഹാരിഷ് പിന്നീട് വിവാഹം നീട്ടിക്കൊണ്ട് പോകുകയായിരുന്നു. അങ്ങനെ ഒന്നര വർഷം കഴിഞ്ഞിട്ടും വിവാഹത്തിനുള്ള യാതൊരു നീക്കങ്ങളും ഹാരിഷിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല.വർക്ക് ഷോപ്പ് തുടങ്ങാനായി റംസിയുടെ വീട്ടിൽ നിന്നും സ്വർണ്ണാഭരങ്ങളും പണവും വീണ്ടും ഇയാൾ വാങ്ങി. ഈ പണം ഉപയോഗിച്ച് മൂന്ന് മാസം മുൻപ് കൊല്ലം പള്ളിമുക്കിൽ പോസ്റ്റ്ഓഫീസ് ജങ്ഷന് സമീപം കാർ വർക്ക് ഷോപ്പ് ആരംഭിച്ചു. ഇതിന് ശേഷം ഇയാൾ മറ്റൊരു വിവാഹത്തിന് വേണ്ടി ശ്രമിക്കുകയും റംസിയെ ഒഴിവാക്കുകയുമായിരുന്നു. ഇതോടെയാണ് റംസി ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.