കൊച്ചി: നടന്ന് ലോട്ടറി ടിക്കറ്റ് വിറ്റ് പുതിയ വരുമാന മാർഗം കണ്ടെത്തി സിനിമ നടൻ ഷൺമുഖൻ. കൊറോണയുടെ പശ്ചാതലത്തിൽ സിനിമ ഷൂട്ട് നിലച്ചതോടെയാണ് ജീവിതം വഴിമുട്ടിയ സിനിമ നടൻ ഷൺമുഖൻ ലോട്ടറി വില്പനയിലേക്ക് തിരിഞ്ഞത്. അനേകം സിനിമകളിൽ കുഞ്ഞൻ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള ചേർത്തല സ്വദേശി ഷൺമുഖനാണ് ഒടുവിൽ ജീവിതം മുന്നോട്ട് നീക്കാൻ ലോട്ടറി ടിക്കറ്റുമായി തെരുവിലേക്കിറങ്ങിയത്. സിനിമയിലെ വരുമാനമാർഗം നിലച്ചെങ്കിലും സന്തോഷപൂർവം കണ്ടെത്തിയ പുതിയവഴി നന്നായി ആസ്വദിക്കുകയാണ് നടൻ.
ആദ്യമൊക്കെ താരത്തിൻ്റെ ലോട്ടറി ടിക്കറ്റ് വിൽപ്പന കണ്ട പലരും കരുതി സീരിയൽ ഷൂട്ടിംഗോ മറ്റോ ആകുമെന്ന്. കാമറയും യൂണിറ്റുമൊന്നും കാണാതായപ്പോഴാണ് പലരും ഷൺമുഖൻ്റെ അധ്വാന രഹസ്യം മനസിലാക്കിയത്. നടൻ വച്ചുനീട്ടിയ ടിക്കറ്റ് മേടിക്കാൻ കച്ചവടക്കാർക്കും യാത്രക്കാർക്കും പെരുത്ത സന്തോഷവും.പള്ളുരുത്തിയിൽ കൂട്ടുകാരനൊപ്പം താമസിക്കുന്ന താരം മൂവാറ്റുപുഴയിലെത്തിയാണ് ലോട്ടറി വില്പന നടത്തുന്നത് . കാൽനടയാത്രയിലൂടേയാണ് ടിക്കറ്റ് വില്പന നടത്തുന്നത്.
സിനിമയിൽ അഭിനയിക്കാൻ പോയാൽ കിട്ടുന്നതിനേക്കാൾ കൂടുതൽ പണം ലോട്ടറി ടിക്കറ്റ് വില്പനയിലൂടെ ലഭിക്കുന്നുണ്ടെന്നാണ് ഷൺമുഖന് പറയുന്നത്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിൽ കൂടുതൽ സമയം കച്ചവടത്തിനിറങ്ങാനാണ് ഷൺമുഖൻ്റെ തീരുമാനം.
ഇരുപത് സിനിമകളിൽ വേഷമിട്ട ഷൺമുഖൻ, വിനയന്റെ അത്ഭുത ദ്വീപിലൂടെയാണ് ആദ്യം സിനിമയിലെത്തുന്നത്.. നാൽപത്തേഴുകാരനായ ഷൺമുഖന് ബന്ധുവായി ആകെ ഉണ്ടായിരുന്നത് അമ്മയാണ്. അമ്മ മരിച്ചതോടെ പള്ളുരുത്തിയിൽ സുഹൃത്തിനൊപ്പമാണ് താമസം.