കോട്ടയം: ജോസ് കെ മാണിയുടെ ഭീഷണി മന്തുകാലന്റെ തൊഴി പോലെയാണെന്ന് പിജെ ജോസഫ്. അവിശ്വാസ പ്രമേയത്തിലും രാജ്യസഭാ തെരഞ്ഞെടുപ്പിലും റോഷി അഗസ്റ്റിൻ നൽകിയ വിപ്പ് ലംഘിച്ച സാഹചര്യത്തിൽ സ്പീക്കർക്ക് പരാതി നൽകുമെന്ന് ജോസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രതികരണം.
അയോഗ്യത ഏൽക്കില്ലെന്നും പിജെ ജോസഫ് പറഞ്ഞു. ചിഹ്നത്തെക്കാളും പ്രധാനമാണ് ജനപിന്തുണയെന്നും കോടതി വിധി അനുകൂലമാകുമ്പോൾ തീരാവുന്ന പ്രശ്നമേ ഇപ്പോഴുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കാനായിരുന്നു റോഷി വിപ്പ് കൊടുത്തത്. പിജെ ജോസഫും മോൻസ് ജോസഫും ഇത് ലംഘിച്ചു. നാളെ സ്പീക്കർക്ക് പരാതി നൽകാനിരിക്കുകയാണ് ജോസ് വിഭാഗം.
പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുൻപ് രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കുട്ടനാട് സീറ്റ് വിട്ടുകൊടുക്കില്ലെന്ന് കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ആവർത്തിച്ചു.