മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ, തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകളുടെ പശ്ചാതലത്തിൽ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകും. തെരഞ്ഞെടുപ്പുകൾ നേരിടാൻ ലീഗിനെ സജ്ജമാക്കാൻ കുഞ്ഞാലിക്കുട്ടിക്ക് പാർട്ടി ചുമതല നൽകി. കഴിഞ്ഞ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി ദേശീയ തലത്തിലേക്ക് കുഞ്ഞാലിക്കുട്ടി ചുവടു മാറിയിരുന്നു.
കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം സംസ്ഥാനത്ത് പാർട്ടിയുടെ വിജയത്തിന് അനിവാര്യമാണെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം വിലയിരുത്തിയതായി
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അറിയിച്ചു. ഇ ടി.മുഹമ്മദ് ബഷീറിനാകും ഇനി പാർട്ടിയുടെ ദേശീയ ചുമതല. ഉപതെരഞ്ഞെടുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പ്, നിയമസഭയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് എന്നിവയുടെ പൂർണ്ണ ചുമതലയാണ് മുസ്ലിം ലീഗ് കുഞ്ഞാലിക്കുട്ടിയെ ഏൽപ്പിച്ചിരിക്കുന്നത്.
കുഞ്ഞാലിക്കുട്ടിയുടെ സംഘടനാപാടവവും കഴിഞ്ഞ കാലങ്ങളിലെ അനുഭവസമ്പത്തും പാർട്ടിക്ക് മുതൽക്കൂട്ടാകുമെന്ന് ഉന്നതാധികാര സമിതിയിൽ അഭിപ്രായമുണ്ടായി.കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പുകളിൽ വിജയം നേടാൻ ലീഗിനും മുന്നണിക്കും ആയിട്ടുണ്ടെന്നും ഹൈദരലി തങ്ങൾ പറഞ്ഞു.
കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലെ അഭിഭാജ്യ ഘടകമാണെന്ന് ഇടിമുഹമ്മദ് ബഷീർ പറഞ്ഞു. നിയമസഭയിലേക്ക് മത്സരിക്കണോ എന്ന കാര്യത്തിൽ
കുഞ്ഞാലിക്കുട്ടി ഉചിതമായ സമയത്ത് തീരുമാനിക്കും.
പിണറായി ഭരണം കേരളത്തിൽ മോശമായ സ്ഥിതിയാണുണ്ടാക്കിയതെന്നും വലിയ വെല്ലുവിളിയാണ് നേരിടാനുള്ളതെന്നും പികെ.കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.