വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. നാളെ എറണാകുളം ജില്ലയിൽ യെല്ലോ അലേർട്ട് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് ശക്തമായ തിരമാലക്കും കാറ്റിനും സാധ്യതയുണ്ട്.

ഇന്നു മുതൽ ഈ മാസം 10 വരെ തെക്ക്-പടിഞ്ഞാറ് അറബിക്കടലിൽ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കുമുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥയാണ് പ്രവചിച്ചിരിക്കുന്നത്.

അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. ന്യൂനമർദ്ദത്തെത്തുടർന്ന് വരും ദിവസങ്ങളിൽ ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ സ്വാധീനത്താൽ മണിക്കൂറിൽ 40 മുതൽ അൻപത് കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. അതിനാൽ തീരദേശവാസികളും മലയോരമേഖലകളിൽ താമസിക്കുന്നവരും ജാഗ്രതപാലിക്കണമെന്നും നിർദ്ദേശമുണ്ട്. 3.5 മീറ്റർ മുതൽ 3.8 മീറ്റർ ഉയരത്തിൽ തിരമാലക്ക് സാധ്യതയുള്ളതിനാൽ മീൻപിടുത്ത തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശം നൽകി.

പൊഴിയൂർ മുതൽ കാസർകോട് വരെ ശക്തമായ തിരമാലക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ജാഗ്രത പാലിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്.

അതേ സമയം തിരുവനന്തപുരം ജില്ലയിൽ വ്യാപക മഴ തുടരുകയാണ്. അരുവിക്കര ഡാമിൻ്റെ രണ്ടും മൂന്നും ഷട്ടറുകൾ ഉയർത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.