ഇന്ത്യയില്‍ നിന്ന് വലിയ പിന്തുണ ഞങ്ങള്‍ക്കുണ്ട്; മോദിയും പിന്തുണക്കുന്നു; അമേരിക്കൻ ഇന്ത്യന്‍ ജനത എനിക്ക് വോട്ടു ചെയ്യും: ട്രംപ്

വാഷിംഗ്ടണ്‍: ‘ഇന്ത്യയില്‍ നിന്ന് വലിയ പിന്തുണ ഞങ്ങള്‍ക്കുണ്ട്. നരേന്ദ്ര മോദിയും ഞങ്ങളെ പിന്തുണക്കുന്നു. അതുകൊണ്ട് തന്നെ അമേരിക്കയിലുള്ള ഇന്ത്യന്‍ ജനത എനിക്ക് വോട്ടു ചെയ്യും’.- വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഡൊണാൾഡ് ട്രംപ് പറഞ്ഞു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം നിര്‍മ്മിച്ച ചെറു വീഡിയോയില്‍ അഹമ്മദാബാദില്‍ നടന്ന ട്രംപ്-മോഡി കൂടിക്കാഴ്ച ഉള്‍പ്പെടുത്തിയത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ട്രംപ് വിക്ടറി ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ കിംബെര്‍ലി ഗ്വിഫോയിലും മകന്‍ ഡോണള്‍ഡ് ട്രംപ് ജൂനിയറും മകള്‍ ഇവാന്‍ക ട്രംപുമെല്ലാം ഇന്ത്യന്‍ അമേരിക്കക്കാര്‍ക്കിടയില്‍ പ്രശസ്തരാണ്. അവരുടെ സ്വാധീനം തനിക്ക് ഗുണം ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി.

മോദിയുമായുള്ള ബന്ധത്തെക്കുറിച്ചും ട്രംപ് വാചാലനായി. ‘മോദി തന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹം നന്നായി ജോലി ചെയ്യുന്നു. ഒന്നും എളുപ്പമല്ല, എന്നിട്ടും അദ്ദേഹം എല്ലാം നന്നായി ചെയ്യുന്നു’- ട്രംപ് പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറില്‍ ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിയെയും ട്രംപ് സൂചിപ്പിച്ചു. ഫെബ്രുവരിയില്‍ നടന്ന ഇന്ത്യ സന്ദര്‍ശനത്തെയും ട്രംപ് പുകഴ്ത്തി.

2.5 ദശലക്ഷം ഇന്ത്യക്കാര്‍ക്കാണ് അമേരിക്കയില്‍ വോട്ടുള്ളത്. മുമ്പ് ഇവരില്‍ ഭൂരിപക്ഷവും ഡെമോക്രാറ്റിക് പാര്‍ട്ടിയുമായാണ് അടുപ്പമുണ്ടായിരുന്നത്. എന്നാല്‍, ട്രംപ്-മോദി സൗഹൃദത്തിന് ശേഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായി നിരവധി പേര്‍ അടുപ്പമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, ഇന്ത്യന്‍ വംശജ കമലാ ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കിയത് ഇന്ത്യന്‍ വോട്ടുകള്‍ ഡെമോക്രാറ്റിക്ക് അനുകൂലമാക്കുമെന്നാണ് അവരുടെ പ്രതീക്ഷ.