മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസ് പഠനം മുടങ്ങി; അടുത്ത വർഷം കേരളത്തില്‍ ഡോക്ടര്‍മാരുടെ ക്ഷാമമുണ്ടാകും

തിരുവനന്തപുരം: മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസ് പഠനം മുടങ്ങിയത് പുനരാരംഭിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷം കേരളത്തില്‍ ഡോക്ടര്‍മാരുടെ ക്ഷാമം വരുമെന്ന് ആരോഗ്യ സര്‍വകലാശാലയുടെ മുന്നറിയിപ്പ്. കൊറോണ പോസിറ്റീവാകുന്നവരുടെ ചികിത്സ മറ്റു സര്‍ക്കാര്‍ ആശുപത്രികളിലും, ഗുരുതരരോഗികളുടെ ചികിത്സ മാത്രം മെഡിക്കല്‍ കോളജുകളിലുമായി മാറ്റണമെന്നാണു ആരോഗ്യ സര്‍വകലാശാലയുടെ ശുപാര്‍ശ. സര്‍വകലാശാല ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചു കഴിഞ്ഞു.

3500 എംബിബിഎസ് വിദ്യാര്‍ഥികളാണ് 30 മെഡിക്കല്‍ കോളജുകളില്‍ നിന്ന് ഒരു വര്‍ഷം പഠനം പൂര്‍ത്തിയാക്കുന്നത്. ആശുപത്രികളില്‍ നടത്തേണ്ട പ്രാക്ടിക്കല്‍ ക്ലാസുകള്‍ ഇപ്പോള്‍ പുനരാരംഭിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷം ഈ വിദ്യാര്‍ഥികള്‍ക്കു കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ കഴിയില്ല. ഇത് സംസ്ഥാനത്ത് ഡോക്ടര്‍മാരുടെ ക്ഷാമത്തിന് ഇടയാക്കും.

സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളും ഹോസ്റ്റലുകളും കൊറോണ വ്യാപനം തുടങ്ങിയപ്പോള്‍ തന്നെ ചികിത്സയ്ക്കായി ഏറ്റെടുത്തിരുന്നു. ഇതോടെ ഓണ്‍ലൈനായിട്ടാണ് വിദ്യാര്‍ഥികളുടെ പഠനം.

ഓണ്‍ലൈനില്‍ തിയറി ക്ലാസുകള്‍ പൂര്‍ത്തിയായി. നിലവില്‍ പിജി വിദ്യാര്‍ഥികളും എംബിബിഎസ് ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥികളും മാത്രമാണ് ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ സേവനത്തിലുള്ളത്. ഇവരില്‍ 1000 പിജി വിദ്യാര്‍ഥികളുടെ പഠനം പൂര്‍ത്തിയാക്കി. ഇവര്‍ ഉടന്‍ ആശുപത്രികളില്‍ സേവനത്തിന് എത്തും. ഇതേ മാതൃകയില്‍ എംബിബിഎസ് വിദ്യാര്‍ഥികളുടെ പഠനവും ക്രമീകരിക്കാമെന്നാണ് ആരോഗ്യസര്‍വകലാശാലയുടെ ശുപാര്‍ശ.