പരിശോധനകൾ ഇരട്ടിയാക്കിയപ്പോൾ കൊറോണ രോ​ഗികൾ വർ​ദ്ധിച്ചു: അരവിന്ദ് കെജ്‍രിവാൾ

ന്യൂഡെൽഹി: ഡൽഹിയിൽ പരിശോധനകൾ ഇരട്ടിയാക്കിയതിനെ തുടർന്നാണ് കൊറോണ രോ​ഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. കൂടുതൽ പരിശോധനകൾ നടത്തുമ്പോൾ കൂടുതൽ രോ​ഗികളെ കണ്ടെത്താനും സാധിക്കുന്നു. കൊറോണ വൈറസിനെതിരെ പ്രത്യാക്രമണം നടത്തുകയാണ് നമ്മളെന്നും മുഖ്യമന്ത്രി കെജ്‍രിവാൾ പറ‍ഞ്ഞു.

ഡെൽഹിയിൽ കൊറോണ രോ​ഗികളുടെ മരണനിരക്ക് 0.5 ആണ്. ദേശീയ നിരക്കിനേക്കാൾ വളരെ കുറവാണിത്. ദേശീയ തലസ്ഥാനമായ ഡെൽഹിയിൽ കൊറോണ മരണങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കൊറോണ രോ​ഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലും സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് അദ്ദേഹം ജനങ്ങൾക്ക് ഉറപ്പു നൽകി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രോ​ഗികളുടെ എണ്ണം സംസ്ഥാനത്ത് വളരെയധികം വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് കെജ്‍രിവാൾ ഇത്തരമൊരു പ്രസ്താവന നടത്തിയത്.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ കർശനമായി തുടരാനും അദ്ദേഹം അഭ്യർത്ഥിച്ചു. പ്രതിരോധത്തിൽ അലംഭാവ മനോഭാവം പാടില്ലെന്നും കൊറോണ രോ​ഗികൾക്കുള്ള കിടക്കകളുടെ കാര്യത്തിൽ ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള 14000 കിടക്കകളിൽ 5000 കിടക്കകളിൽ മാത്രമാണ് രോ​ഗികളുള്ളത്. 5000 കിടക്കകളിൽ 1600നും 1700നും ഇടയിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള രോ​ഗികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.